റെജി ജോസഫ്
കോട്ടയം: കാലാവസ്ഥാവ്യതിയാനവും മലിനീകരണവും വേമ്പനാട് കായലിലെ മത്സ്യസമ്പത്തില്‍ വലിയ ഇടിവുണ്ടാക്കുന്നു. 1980 നുശേഷം 38 ഇനം മത്സ്യങ്ങള്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഈ കായലില്‍നിന്ന് അപ്രത്യക്ഷമായതായി കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല വ്യക്തമാക്കി. 155 ഇനം തദ്ദേശിയ മത്സ്യങ്ങള്‍ മുന്പുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനം, രാസവളം, കീടനാശിനി, തീരശോഷണം, ലവണാംശം, മലിനീകരണം തുടങ്ങിയ കാരണങ്ങളാല്‍ തനതു ഇനങ്ങള്‍ ഇല്ലാതാകുന്നു.
പായല്‍ നിറഞ്ഞതും എക്കലില്‍ ആഴം കുറഞ്ഞതും തണ്ണീര്‍മുക്കം ബണ്ട് വന്നതും മത്സ്യസഞ്ചാരം പരിമിതമാക്കി. തീരശോഷണം മത്സ്യപ്രജനനം പ്രതികൂലമാക്കി.
പ്രളയങ്ങളില്‍ കെട്ടുകളിലും മറ്റും വളര്‍ത്തുന്ന വിദേശ മത്സ്യങ്ങള്‍ കടന്നുകയറിയതും തനത് മത്സ്യങ്ങള്‍ക്ക് ഭീഷണിയായി.
ഓരോ പതിറ്റാണ്ടിലും പത്തോളം ഇനം മീനുകള്‍ അപ്രത്യക്ഷമാകുന്നതായാണ് നിരീക്ഷണം. ചിലയിനം കടല്‍മത്സ്യങ്ങള്‍ കായലിലേക്കും മീനച്ചിലാറ്റിലേക്കും കടന്നുവരുന്നതായും കണ്ടെത്തി.
അതേ സമയം വരാല്, പരല്‍, കരിമീന്‍, തൂളി, കാരി, കൂരി തുടങ്ങിയ പുഴ മത്സ്യങ്ങള്‍ കായല്‍ത്തീരങ്ങളില്‍ ഏറെയുണ്ട്. കരിമീന്‍, വരാല്, പരല്‍, കൂരി തുടങ്ങി 13 ഇനങ്ങളാണ് ഏറ്റവുമധികമുള്ളത്.
വാണിജ്യമൂല്യമുള്ള മത്സ്യങ്ങളില്‍ അധികം കരിമീനാണ്. ഇത് മാത്രം 6.5 ശതമാനം വരും. 5.6 ശതമാനമുള്ള വരാലാണ് രണ്ടാം സ്ഥാനത്ത്.
നാടന്‍ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകന്‍, പന ആരകന്‍, വാഹവരാല്‍ തുടങ്ങിയവയാണ് പ്രധാനമായി വംശനാശ ഭീഷണി നേരിടുന്നത്.
വലിഞ്ഞില്‍, കൂരല്, ആറ്റുകൊഞ്ച്, കാലന് ചെമ്മീന്‍, പൂമീന്‍, കണമ്പ്, തിരുത, തുടങ്ങിയവയും കുറഞ്ഞു. നാലു പതിറ്റാണ്ടു മുന്‍പ് പതിനാറായിരം ടണ്‍ മത്സ്യം ലഭിച്ചിരുന്നത് നിലവില്‍ എണ്ണായിരം ടണ്ണായതായി കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനു പുറമെ
എക്കലും ചെളിയും അടിഞ്ഞ് ആഴം കുറഞ്ഞ് മണല്‍ തട്ട് ഇല്ലാതായതും മത്സ്യ പ്രജനനത്തെ പ്രതികൂലമാക്കുന്നു.തണ്ണീര്‍മുക്കം ബണ്ടിന്റെ വരവിന് മുമ്പ് 429 ടണ്‍ ആറ്റു കൊഞ്ച് ലഭിച്ചിരുന്നത് നിലവില്‍ പത്തു ടണ്ണിലേക്ക് കുറഞ്ഞു.
നാടന്‍ മുഷികുഞ്ഞിങ്ങളെയും വംശനാശം നേരിടുന്ന മഞ്ഞക്കൂരിയെയും ഫിഷറീസ് വകുപ്പ് കൃത്രിമമായി ഉത്പാദിപ്പിച്ച് നിക്ഷേപിക്കുന്നുണ്ട്.
കായല മലിനപ്പെട്ടതോടെ കാര ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, ഞണ്ട് തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞു. മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞതോടെ കക്ക ശേഖരം മൂടിപ്പോയി.
കക്കായിറച്ചി 75,000 ടണ്‍ എന്നത് 25,000 ആയി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരളത്തിലെ ഏറ്റവും വലുതുമായ തടാകം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വിസ്തൃതമാണ്.