കോട്ടയം: വേമ്പനാട്ട് കായലില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നു. കുട്ടികളുടെ നാപ്കിന്, കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ തുടങ്ങി നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കായലില്‍ അടിയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ മഴയില്‍ ആറ്റിലൂടെ ഒഴുകി കായലില്‍ എത്തിച്ചേരുകയാണ്.
കോവിഡിനു ശേഷം വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതും മാലിന്യം ജലാശയങ്ങളിലേക്ക് എത്തുന്നതിനും കാരണമായി. മാലിന്യം ജലാശയങ്ങളില്‍ നിക്ഷേപിക്കരുതെന്ന് കര്‍ശന നിര്‍ദേശങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലാത്തതാണു കാരണം.
വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് അടുത്തിടെ കേരള മത്സ്യസമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലുണ്ട് എന്നാണ് കണ്ടെത്തല്‍. നിരവധി പേര് ഉപജീവനത്തിനായി പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നതാണ് വേമ്പനാട്ടുകായല്‍. ആ ജലാശയമാണ് മനുഷ്യ ഇടപെടലുകളും കാലാവസ്ഥാമാറ്റങ്ങളും മൂലം നശിക്കുന്നത്.