കോട്ടയം: വേമ്പനാട്ട് കായലിലും അനുബന്ധ തോടുകളിലും നാടന്‍ മീന്പിടിത്തകാലമാണ്. വേനലില്‍ ജലനിരപ്പു കുറയുന്നതോടെ ഉടക്കുവലയിട്ടാണു മീന്‍ പിടിത്തം. വള്ളങ്ങളില്പോയി ഉടക്കുവല വിരിച്ചാണു പ്രധാനമായും മീൻപിടിത്തം. വീശുവല ഉപയോഗിച്ചും മീൻപിടിത്തം നടക്കുന്നുണ്ട്.
കരിമീനും വരാലും കൂരിയും പുല്ലനും ചേറുമീനും പരലുമാണു പ്രധാനമായും ലഭിക്കുന്നത്. കായല്‍ മത്സ്യവ്യാപന പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങളാണ് ഇവയേറെയും.
മീന്‍ നന്നായി ലഭിക്കുന്ന ദിവസങ്ങളില്‍ മൂവായിരം രൂപവരെ വരുമാനം ലഭിക്കുന്ന തൊഴിലാളികളുണ്ട്. വലിയ കരിമീൻ കിലോഗ്രാം 500 രൂപയും ഇടത്തരത്തിന് 400 രൂപയും ചെറുതിന് 300 രൂപയുമാണ് നിരക്ക്. വരാലും കൂരിയും പുല്ലനും 250 രൂപയാണു വില. തോടുകളിൽനിന്നും കായലുകളിൽനിന്നും മീന്‍പിടിച്ച് തൊഴിലാളികള്‍ കടവിലും റോഡരുകിലും നേരിട്ടു വില്‍ക്കുകയാണ്.
ചിലര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഷാപ്പുകളിലുംനിന്ന് പതിവായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കച്ചവടത്തില്‍ ഇടനിലക്കാരില്ലെന്നതാണു തൊഴിലാളികള്‍ക്കു നേട്ടം. വള്ളം, വല, മണ്ണെണ്ണ എന്നിവയുടെ ചെലവുകണക്കാക്കിയാല് ഉടക്കുവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം വലിയ നേട്ടമില്ലെന്ന് ഇവര്‍ പറയുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞതോടെ അപ്പര്‍കുട്ടനാട്ടിലെ ജലശേഖരങ്ങളില്‍ കരിമീന്‍ പ്രജനനം നന്നേ കുറഞ്ഞുവരുന്നു. വിഷം കലക്കിയുള്ള മീന്‍പിടിത്തവും കായല്‍മത്സ്യങ്ങളുടെ ലഭ്യത കുറയാനിടയായി.