കോട്ടയം: പ്രളയത്തിനുശേഷം വേന്പനാട്ട് കായലിൽ നടത്തിയ മത്സ്യസർവെയിൽ 115 ഇനം മീനുകളെ കണ്ടെത്തി. പരന്പരാഗത കായൽ മത്സ്യങ്ങളുടെ ലഭ്യതയിൽ കുറവു വന്നെങ്കിലും പുതിയ ഇനങ്ങൾ കായലിലെത്തി. കടൽ മത്സ്യങ്ങളുടെ ചില ഇനങ്ങളും ഉപ്പുരസം കൂടിയതോടെ കായലിലേക്ക് കടന്നുവരുന്നതായി അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി (എട്രീ) നേതൃത്വത്തിൽ നടത്തിയ സർവെ പറയുന്നു.
പ്രളയം കായലിന്റെ മത്സ്യഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചേറുമീൻ, വരാൽ തുടങ്ങിയയുടെ അളവ് കുറഞ്ഞു.
കുളങ്ങളിലിലും ടാങ്കുകളിലും രഹസ്യമായി വളർത്തിയിരുന്ന നിരോധിത ഇനമായ പിരാനയും ആഫ്രിക്കൻ മുഷിയും വെള്ളപ്പൊക്കത്തിൽ കായലിൽ വ്യാപകമായി.
കരിമീൻ ലഭ്യത ഭാവിയിൽ കുറയാൻ ഇതു കാരണമായേക്കാം. തണ്ണീർ മുക്കം ഫണ്ടു മുതൽ അരൂർക്കുറ്റി വരെ ഡിസംബർ 21 മുതൽ 23 വരെയായിരുന്നു സർവെ. കായൽമീനുകൾ പന്പ, മീനച്ചിൽ നദികളിലേക്കും പലായനം ചെയ്യുന്നുണ്ട്. ലവണാംശം കൂടിയതിനാലാവാം മത്സ്യങ്ങളുടെ പലായനമെന്ന് വിദഗ്ധർ പറയുന്നു.
2018 മേയിൽ നടത്തിയ സർവെയിൽ 110 ഇനം മത്സ്യങ്ങളെയാണു കണ്ടെത്തിയത്. കായലിൽ വലവീശി നടത്തിയ നീരീക്ഷണങ്ങൾക്കു പുറമെ കായലിൽനിന്നു മീൻപിടിച്ചു പ്രാദേശിക മാർക്കറ്റുകളിൽ വിറ്റ് ഉപജീവനം നടത്തുന്ന പരന്പരാഗത തൊഴിലാളികളെ നേരിൽ കണ്ടും മത്സ്യലഭ്യതയെപറ്റി വിവരങ്ങൾ ശേഖരിച്ചു
. കായൽ, പുഴ മത്സ്യങ്ങളെ തിന്നൊടുക്കുന്ന പിരാന, തിലാപ്പിയ ഇനങ്ങൾ വലകൾ കടിച്ചുമുറിക്കുന്നതായും തൊഴിലാളികൾ വെളിപ്പെടുത്തി. ഏറ്റവും വില കിട്ടിയിരുന്ന കൊഞ്ച്, കരിമീൻ എന്നിവയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പ്രളയത്തിനുശേഷം ആഫ്രിക്കൻ പായലും പോളയും കൂടുതൽ പ്രദേശങ്ങളിലേക്ക് വളർന്നു.