കുമരകം: നീന്തൽ പരിശീലനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന സന്ദേശം അധികാരികളിൽ എത്തിക്കാൻ മൂന്നു വിദ്യാർഥികൾ വേന്പനാട്ടുകായൽ നീന്തിക്കടക്കും. വേന്പനാട്ടുകായലിലെ ഏറ്റവും ദൈർഘ്യമുള്ള ഭാഗമാണു മൂന്നു വിദ്യാർഥികൾ നീന്തിക്കടക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്.
നാളെ രാവിലെ 6.30നു കുമരകം ബോട്ടുജെട്ടി കടവിൽനിന്നും മുഹമ്മ ലക്ഷ്യമാക്കി പരിശീലകൻ സജി വാളശേരിക്കൊപ്പം കൃഷ്ണവേണി(12), സഹോദരങ്ങളായ ആദിത്യ സാബു (11), അദ്വൈത് സാബു(9) എന്നിവരാണ് നീന്തുന്നത്. കൊച്ചി ഇടപ്പള്ളി മധുകപ്പിള്ളിയിൽ എം.പി. സാബു-രമ്യാ സാബു ദന്പതികളുടെ മക്കളാണിവർ.
ആലുവാ ഗോഡ്സ് ഓണ്‍ പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ സാബു, ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത് സാബു. ആലുവാ നിർമ്മല ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൃഷ്ണവേണി, അശോകപുരം പള്ളിക്കുന്ന് മാടവനപ്പറന്പിൽ ഷിബു-രജഞ്ജിനി ദന്പതികളുടെ മകളാണ്.
കഴിഞ്ഞ എട്ടു വർഷമായി നിരവധി പേരെ സജി നീന്തൽ പരിശീലിപ്പിച്ചുണ്ട്. മാളു ഷെയ്ക്ക് എന്ന വിദ്യാർഥിനി കഴിഞ്ഞ വർഷം വേന്പനാട്ടു കായൽഒന്പതു കിലോമീറ്റർ നീന്തിക്കടന്നതും സജി വാളശേരിക്കൊപ്പമായിരുന്നു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്യും.
ദീപ അഭിലാഷ്, വി.എസ്. പ്രദീപ്കുമാർ, എ.വി. തോമസ്, പി.എ. ഹരിശ്ചന്ദ്രൻ തുടങ്ങിയവർ നീന്തൽ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. വേന്പനാട്ടു കായൽ നീന്തി മുഹമ്മ ബോട്ടുജെട്ടിയിൽ എത്തുന്ന വിദ്യാർഥികളെ മാളു ഷെയ്ക്ക് സ്വീകരിക്കും. അനുമോദന ചടങ്ങിൽ മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡനന്റ് മായ മജു ഉപഹാരങ്ങൾ നൽകും.