രണ്ടു ദശാബദ്ത്തിനുള്ളില്‍ വേമ്പനാട്ടു കായല്‍ ചതുപ്പു നിലമാകും ! പുതിയ പഠന റിപ്പോര്‍ട്ട് മലയാളികളെയാകെ ഞെട്ടിക്കുന്നത്…

മലയാളികളെയാകെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് കുഫോസ്. 20 വര്‍ഷത്തിനകം വേമ്പനാട്ടുകായല്‍ ചതുപ്പു നിലമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. കായലിന്റെ ആഴം കുറയുന്നതിനാല്‍ മഴക്കാലത്ത് പോലും വെള്ളം കരയിലേക്ക് ഇരച്ച് കയറുന്നുവെന്നാണ് ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ പഠനത്തില്‍ കണ്ടെത്തിയത്. കിഴക്കന്‍ പ്രദേശത്തെ നദികളില്‍ നിന്നും കായലിലേക്ക് എത്തുന്ന വെള്ളം ശേഖരിക്കാനുള്ള ശേഷി കായലിന് നഷ്ടമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എക്കലടിഞ്ഞതുമൂലം ഇപ്പോള്‍ തന്നെ കായലിന്റെ അടിത്തട്ടിത്തട്ടില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങിയെന്ന് അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. ആഴം കുറഞ്ഞതോടെ സൂര്യപ്രകാശം കായലിന്റെ അടിത്തട്ടിലേക്ക് എത്തിത്തുടങ്ങിയതോടെയാണിത്. കൊച്ചി-വൈപ്പിന്‍ ഭാഗത്തെ പാലങ്ങളുടെ നിര്‍മാണ ശേഷം ഉപേക്ഷിച്ച വസ്തുക്കളും പാലങ്ങള്‍ക്കടിയില്‍ അടിഞ്ഞുകൂടിയ മാലിന്യവും നീക്കം ചെയ്ത് ഒഴുക്കു പുനഃസ്ഥാപിക്കേണ്ടത് അനിവാര്യതയാണ്.

25 വര്‍ഷത്തിനിടയില്‍ കായലിന്റെ വിസ്തൃതി 30% കുറഞ്ഞു. 1930ല്‍ തണ്ണീര്‍മുക്കം ഭാഗത്ത് വേമ്പനാട്ടു കായലിന്റെ ആഴം 8- 9 മീറ്റര്‍ ആയിരുന്നു. ഇപ്പോള്‍ 1.6- 4.5 മീറ്റര്‍ മാത്രമാണുള്ളത്. കായലില്‍ വന്നടിയുന്ന എക്കലും പ്ലാസ്റ്റിക്കും നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും ഇപ്പോള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ വേമ്പനാട്ടു കായലിന്റെ പല ഭാഗങ്ങളും ചതുപ്പുനിലമാകാനുള്ള സാധ്യതയുണ്ടെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ.വി.എന്‍.സഞ്ജീവന്‍ വ്യക്തമാക്കി.

Related posts