കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് ഇന്നലെ എറണാകുളത്തു സർവീസ് അവസാനിപ്പിച്ചു. വൈകിയോടിയതിനാലാണിതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 10ന് എറണാകുളം സൗത്തിൽ എത്തേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ടിനാണ് എത്തിയത്.
ഷൊർണൂർ ഭാഗത്തേക്കു ടിക്കറ്റ് എടുത്തവർക്കു കോർബ, പരശുറാം എന്നീ ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ള ക്രമീകരണം റെയിൽവേ ഒരുക്കിയിരുന്നു. ഷൊർണൂരിൽനിന്നു വേണാടിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് ഏറനാട് എക്സ്പ്രസിലും സൗകര്യം ഒരുക്കി.
ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്കു തിരിച്ച വേണാടിന്റെ എൻജിൻ തകരാറിലായതാണു സമയക്രമം തെറ്റാൻ കാരണമായത്. കടയ്ക്കാവൂരിൽ വച്ചുണ്ടായ തകരാറിനെത്തുടർന്നു പുലർച്ചെ 1.25നാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ചിന് സർവീസ് ആരംഭിക്കേണ്ട ട്രെയിൽ രാവിലെ 7.30നാണ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. ഇന്നു മുതൽ കൃത്യസമയം പാലിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ സർവീസ് പാതിവഴിയിൽ നിർത്തിയതെന്ന് അധികൃതർ അറിയിച്ചു.