ഡി. ദിലീപ്
തിരുവനന്തപുരം: കരുത്തു കാട്ടാതെ കാലവർഷം കടന്നു പോയിട്ടും വേനൽമഴക്കരുത്തിലും തുലാമഴസമൃദ്ധിയിലും പിടിമുറുക്കി വാർഷിക മഴയുടെ അളവിൽ കേരളം ശരാശരിക്കും മുകളിലെത്തി.
പുതുക്കിയ വാർഷിക ശരാശരി അനുസരിച്ച് ഒരു വർഷം സംസ്ഥാനത്തു പെയ്യേണ്ടത് 2890.8 മില്ലീമീറ്റർ മഴയാണ്. എന്നാൽ വർഷം അവസാനിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കുന്പോൾ, ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് ശരാശരി 2891.1 മില്ലീമീറ്റർ മഴയാണ്.
കഴിഞ്ഞ വർഷത്തെ റിക്കാർഡ് വാർഷികമഴയ്ക്കു പിന്നാലെ ഇക്കുറിയും ശരാശരിക്കു മുകളിൽ മഴ ലഭിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവു പകരുന്നതാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
60 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാലമാണ് കഴിഞ്ഞ വർഷത്തേത്. 3610.2 മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തു പെയ്തിറങ്ങിയത്.
കഴിഞ്ഞ വർഷം കാലവർഷം കരുത്തു കാട്ടാതെ മാറി നിന്നപ്പോൾ തിമിർത്തു പെയ്തത് തുലാവർഷമായിരുന്നെങ്കിൽ ഇക്കുറി കാലവർഷത്തിലെയും തുലാവർഷത്തിലെയും മഴക്കണക്കുകളെ പിന്നിലാക്കി തിമിർത്തത് വേനൽ മഴയാണ്.
ഒരു വർഷം പെയ്യേണ്ടതിന്റെ ഇരട്ടിയോളം മഴയാണ് വേനലിൽ ഇക്കുറി കേരളത്തിൽ പെയ്തിറങ്ങിയത്.ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാല മഴയിൽ 33 ശതമാനം കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
ഇക്കാലയളവിൽ 22.4 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 14.9 മില്ലീമീറ്റർ മാത്രമാണ്.എന്നാൽ മാർച്ച് ഒന്നു മുതൽ മെയ് 31 വരെ നീളുന്ന വേനൽക്കാലത്ത് സംസ്ഥാനത്ത് പെയ്തത് 85 ശതമാനം അധിക മഴയാണ്. 361.5 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് മെയ് 31 വരെ പെയ്തത് 668.5 മില്ലീമീറ്ററും.
ജൂണ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷ കാലത്ത് മഴയുടെ അളവിൽ 14 ശതമാനം കുറവുണ്ടായി. സാധാരണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. എന്നാൽ ഇക്കുറി നേരത്തേ എത്തിയിട്ടും കരുത്തു കാട്ടാതെ കാലവർഷം പിൻവാങ്ങിയതോടെ കേരളം മഴക്കുറവിന്റെ നിഴലിലായിരുന്നു.
കാലവർഷത്തിൽ 2018.6 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടത്. എന്നാൽ പെയ്തത് 1736.6 മില്ലീമീറ്റർ മാത്രമാണ്.
പിന്നാലെ എത്തിയ തുലാവർഷം തുടക്കത്തിൽ തിമിർത്തു പെയ്തെങ്കിലും പിന്നീട് ദുർബലമാകുന്നതാണ് കണ്ടത്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷക്കാലത്ത് ഇന്നലെ വരെ മൂന്നു ശതമാനം മഴക്കുറവാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
ഇന്നലെ വരെ 483.8 മില്ലീമീറ്റർ മഴ പെയ്യേണ്ടയിടത്ത് 471 മില്ലീമീറ്റർ പെയ്ത തുലാവർഷം ശരാശരിക്കടുത്തെത്തിയതും സംസ്ഥാനത്തിന് ഇക്കുറി ആശ്വാസമായി.
ഏറ്റവും കൂടുതൽ മഴ ഇടുക്കിയിൽ; കുറവ് തിരുവനന്തപുരത്ത്
ജനുവരി ഒന്നു മുതൽ ഇന്നലെവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയിലാണ്. 3689.9 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ പെയ്ത വാർഷിക മഴയുടെ അളവ്. 1739.9 മില്ലീമീറ്റർ മഴ പെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഈ വർഷം ഏറ്റവും കുറച്ച് മഴ പെയ്തത്.
കാസർഗോഡ്-3528.9 മില്ലീമീറ്റർ, എറണാകുളം-3412.8 മില്ലീമീറ്റർ, കോഴിക്കോട്-3373.5 മില്ലീമീറ്റർ, കോട്ടയം-3257.1 മില്ലീമീറ്റർ, പത്തനംതിട്ട-3173.4 മില്ലീമീറ്റർ, കണ്ണൂർ-3079 മില്ലീമീറ്റർ, വയനാട്-3042.2 മില്ലീമീറ്റർ, തൃശൂർ-2807.8 മില്ലീമീറ്റർ, മലപ്പുറം-2445.9 മില്ലീമീറ്റർ, കൊല്ലം-2249.5 മില്ലീമീറ്റർ, ആലപ്പുഴ-2467 മില്ലീമീറ്റർ, പാലക്കാട്-2145 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഇന്നലെ വരെ പെയ്ത വാർഷിക മഴ.