ന്യൂഡൽഹി: രാജ്യത്തു ചൂടുകാറ്റ് പതിവാകും; ശരാശരി താപനില അര മുതൽ ഒന്നുവരെ ഡിഗ്രി സെൽഷസ് ഉയരും: മാർച്ച് മുതൽ മേയ് വരെയുള്ള വേനൽക്കാലത്തെപ്പറ്റി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പാണിത്.
പകൽ ഉയർന്ന താപനിലയും രാത്രി താഴ്ന്ന താപനിലയും ദീർഘകാല ശരാശരിയേക്കാൾ അര മുതൽ ഒന്നുവരെ ഡിഗ്രി സെൽഷസ് കൂടും. ഈ മാസം കേരളത്തിൽ പല സ്ഥലങ്ങളിലും 40 ഡിഗ്രി സെൽഷസിനു മുകളിലേക്കു ചൂട് കൂടുമെന്നാണു മുന്നറിയിപ്പ്. രാത്രി ഊഷ്മാവ് 22 മുതൽ 25 വരെ ഡിഗ്രി സെൽഷസ് എന്നത് അര ഡിഗ്രിയിലേറെ വർധിക്കും.
രാജ്യത്തെ താപതരംഗമേഖലയിൽ കേരളം പെടുന്നില്ല എന്നതാണ് ആശ്വാസകരം. വടക്കു പഞ്ചാബിൽനിന്നു തുടങ്ങി ആന്ധ്രപ്രദേശിൽ അവസാനിക്കുന്നതാണു താപതരംഗമേഖല എന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
ഈ മേഖലയിലെ ഊഷ്മാവ് പതിവിലും ഒരു ഡിഗ്രിയിലേറെ കൂടുതലായിരിക്കാൻ 52 ശതമാനം സാധ്യതയുണ്ട്. മഹാരാഷ്ട്ര മുതൽ പഞ്ചാബ് വരെയുള്ള മേഖലയിൽ ശരാശരി ഊഷ്മാവിലെ വർധന ഒരു ഡിഗ്രി സെൽഷസിലും കൂടുതലാകും. കേരളത്തിൽ വർധന ഒരു ഡിഗ്രിയിൽ താഴെ മാത്രമാകും.
കേരളത്തിൽ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയിട്ടുള്ളതു പാലക്കാട്ടാണ്. 2010 മാർച്ചിൽ രേഖപ്പെടുത്തിയ 42 ഡിഗ്രി സെൽഷസാണത്. 2016-ൽ 41.9 ഡിഗ്രി ചൂട് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. ഈ ബുധനാഴ്ച മുണ്ടൂരിൽ 40 ഡിഗ്രിയിലെത്തി ചൂട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 39.4 ഡിഗ്രിവരെയാണ് എത്തിയത്.
ഉയർന്ന താപനിലയുള്ള കൊല്ലം ജില്ലയിലെ പുനലൂരിൽ ഈ ഫെബ്രുവരി 28-ന് 37.2 ഡിഗ്രി സെൽഷസ് വരെ എത്തി പകൽചൂട്. തിരുവനന്തപുരം ജില്ലയിലാകട്ടെ ഫെബ്രുവരി 15-ലെ 35 ഡിഗ്രിയാണു കഴിഞ്ഞ മാസത്തെ കൂടിയ ചൂട്. കഴിഞ്ഞ വർഷം മാർച്ചിൽ തിരുവനന്തപുരത്ത് 36.4 ഡിഗ്രിയും കൊല്ലം പുനലൂരിൽ 38 ഡിഗ്രിയും സെൽഷസ് വന്നതാണ് കൂടിയ ചൂട്.
കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച 36 ഡിഗ്രി ചൂടുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ 37 ഡിഗ്രിവരെ എത്തി; 2016 മാർച്ചിൽ 38 ഡിഗ്രി വരെയും. ബുധനാഴ്ച 38.4 ഡിഗ്രി സെൽഷസ് ചൂടുവന്ന തൃശൂരിൽ റിക്കാർഡ് ചൂട് 1996ലായിരുന്നു. ആ മാർച്ചിൽ 40.4 ഡിഗ്രി സെൽഷസ് കുറിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ 39.3 ഡിഗ്രിയും 2016 മാർച്ചിൽ 39.8 ഡിഗ്രിയും ചൂടുണ്ടായി.
ചൊവ്വാഴ്ച 37.5 ഡിഗ്രി ചൂട് എത്തിയ കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷം മാർച്ചിലെ ഉയർന്ന ചൂട് 37.2 ഡിഗ്രി സെൽഷസാണ്. 2014 മാർച്ച് 18-ലെ 38.5 ഡിഗ്രി സെൽഷസാണു ജില്ലയിൽ മാർച്ച് മാസത്തെ റിക്കാർഡ് ചൂട്.
ഫെബ്രുവരിയിൽ 35 ഡിഗ്രി സെൽഷസ് വരെ ചൂട് കയറിയ കണ്ണൂരിൽ ഇത്തവണ മാർച്ചിനെപ്പറ്റി ആശങ്കയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ 36 ഡിഗ്രിയും 2016 മാർച്ചിൽ 39 ഡിഗ്രിയും വരെ എത്തിയിരുന്നു താപനില. ഇത്തവണ 40 കടക്കുമോ എന്നാണ് ആശങ്ക.
കാസർഗോട്ട് ഫെബ്രുവരിയിൽ 33 ഡിഗ്രിയായിരുന്നു കൂടിയ ചൂട്. 2013-ൽ 36.5 ഡിഗ്രി വരെ എത്തിയതാണു മാർച്ചിലെ ചൂടിന്റെ റിക്കാർഡ്. കഴിഞ്ഞ മാർച്ചിൽ 35 ഡിഗ്രി വരെ ഉയർന്നിരുന്നു ചൂട്.
ഒറ്റപ്പെട്ട വേനൽമഴയ്ക്കു സാധ്യത
കോട്ടയം: പകൽച്ചൂടിൽ വലയുന്പോൾ ആശ്വാസമായി വേനൽമഴ. വാഴൂർ, പാന്പാടി, മണിമല പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം ഒറ്റപ്പെട്ട മഴ ലഭിച്ചു. ചൊവ്വാഴ്ച 37.5, ബുധനാഴ്ച 36.5, ഇന്നലെ 36.4 ഡിഗ്രിയായിരുന്നു പകൽ താപനില. ഈർപ്പത്തിന്റെ തോത് 75 എത്തിയതിനാൽ വരുംദിവസങ്ങളിലും മഴ ലഭിച്ചേക്കും.