തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശക്തിപ്രാപിച്ച വേനൽമഴയിൽ കേരളത്തിനു മഴക്കൊയ്ത്ത്. കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെ വരെ കിട്ടേണ്ട മഴയുടെ ഇരട്ടിയോളം ലഭിച്ചു കഴിഞ്ഞു.
ശൈത്യകാല മഴയിൽ (ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ) 30 ശതമാനത്തിന്റെ കുറവുമായി വലയുന്ന കേരളത്തിന് വേനൽ മഴ പകരുന്ന ആശ്വാസം ചെറുതല്ല.
മാർച്ച് ഒന്നു മുതൽ മെയ് 31 വരെ നീളുന്ന വേനൽ കാലത്ത് സംസ്ഥാനത്ത് ഇന്നലെ വരെ കിട്ടിയത് 88.9 മില്ലിമീറ്റർ മഴയാണ്. കിട്ടേണ്ടിയിരുന്നത് 115.9 മില്ലിമീറ്ററും. കാസർഗോഡ് ജില്ലയിലാണ് ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തത്, 92.8 മില്ലിമീറ്റർ. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്.