സ്പാനിഷ് ഫ്ലൂ പകര്ച്ചവ്യാധിക്കെതിരേ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന് ഡോക്ടര് ജോസ് ഗ്രിഗോറിയോ ഹെര്ണാണ്ടസ് വിശുദ്ധ പദവിയിലേക്ക്.
ജെമെല്ലി ആശുപത്രിയില് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അഞ്ചുപേരെ ദൈവദാസ പദവിയിലേക്കും വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോയെയും വിശുദ്ധരായും പ്രഖ്യാപിക്കാനുള്ള ഡിക്രിയില് ഒപ്പുവച്ചു. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
വെനസ്വേലയിൽനിന്നുള്ള ആദ്യ വിശുദ്ധനാണ് ഡോ.ജോസ് ഗ്രിഗോറിയോ. ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക’ എന്നാണ് ഫ്രാന്സിസ് മാർപാപ്പ ഡോ. ജോസ് ഗ്രിഗോറിയോ ഹെര്ണാണ്ടസിനെ നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്. 1864ല് ആന്ഡെസ് പര്വതത്തോടു ചേര്ന്നുള്ള വിദൂര പട്ടണത്തിലാണ് ഡോ. ഹെര്ണാണ്ടസ് ജനിക്കുന്നത്.
മെഡിക്കല് പഠനത്തിനായി തലസ്ഥാന നഗരിയായ കാരക്കാസിലെത്തിയ അദ്ദേഹം 1888ല് പഠനം പൂര്ത്തിയാക്കി. സ്കോളര്ഷിപ്പോടെ പാരീസില് ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും പാത്തോളജിക്കല് അനാട്ടമിയിലും വിദഗ്ധ പഠനം നടത്തി.
1818ലെ സ്പാനിഷ് ഫ്ലൂ പകര്ച്ചവ്യാധിക്കെതിരേ പാവങ്ങള്ക്കിടയിൽ അദ്ദേഹം രാപകലില്ലാതെ ശുശ്രൂഷ ചെയ്തു. മരണത്തിന്റെ വക്കില്നിന്ന് അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1919ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്ണാണ്ടസ് മരിച്ചത്. 2021 ഏപ്രിൽ 30ന് കോവിഡിന്റെ പശ്ചാത്തലത്തില് കാരക്കാസിനു സമീപമുള്ള ചാപ്പലില് ലളിതമായി നടന്ന ചടങ്ങില് അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ആൽഡോ ഗിയോർഡാനോ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.