വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആന്റി ഓക്സിഡൻറ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു.
സ്ത്രീകളുടെ ആരോഗ്യജീവിതത്തിന്
സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിൻ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ ശുദ്ധമായ വെണ്യ്ക്കയിൽ നിന്നു തയാറാക്കുന്നവിഭവങ്ങൾ ഉൾപ്പെടുത്തണം. ശരീരമെന്പാടും ഓക്സിജൻ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിൻ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചർമത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിർത്താനാകുന്നു.
ഹൃദയത്തിനും സുഹൃത്ത്
വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിർത്തുന്നതിൽ പൊട്ടാസ്യത്തിനു പങ്കുണ്ട്. രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.