മാന്നാർ: വെണ്ടക്കൃഷിയിൽ നൂറുമേനി വിളവുമായി പെണ്‍കൂട്ടായ്മ. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ വർഷങ്ങളായി കാടുപിടിച്ച് കിടന്ന സ്ഥലമാണ് കൃഷിക്കായി ഒരുക്കി ആയിരം വെണ്ട തൈകൾ നട്ടത്.
എല്ലാ തൈകളിലും പൂർണമായും കായ്ഫലം കൂടിയായപ്പോൾ കർഷക വനിതകൾക്ക് ധന്യനിമിഷം. കൃഷി വിജയം കണ്ടതോടെ കൂട്ടായ്മയുടെ കീഴിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഇവർ.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ മഹിളാ കിസാൻ ശാക്തീകരണ്‍ പരിയോജനയുടെ സഹകരണത്തിൽ മാന്നാറിൽ ആരംഭിച്ച മാതൃകാ കൃഷിത്തോട്ടത്തിലാണ് വെണ്ട കൃഷിയുടെ ഈ നൂറുമേനി വിജയം. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ നിർവഹിച്ചു.