കൊഴിഞ്ഞാന്പാറ: വെണ്ടക്കായ്ക്കുള്ള വിലയിടിവിനെ തുടർന്ന് കർഷകൻ ഒരേക്കർ ഉഴുതുമറിച്ചു ഒഴിവാക്കി. വെള്ളാരങ്കൽമേട് മേനോൻകളം സുന്ദരനാണ് വിലയിടിവിനെ തുടർന്ന് തന്റെ കൃഷി ഉഴുതുമറിച്ചത്.
കൃഷി തുടങ്ങിയശേഷം മൂന്നുതവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. സാധാരണ 35 മുതൽ 45 വരെ തവണ വിളവെടുപ്പ് നടത്താറുണ്ട്. വെണ്ടകൃഷി ഉഴുതുമറിച്ചശേഷം ഇനി നെൽകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് ഈ കർഷകൻ.
കഴിഞ്ഞദിവസം കൊഴിഞ്ഞാന്പാറ വിപണിയിലെത്തിച്ച വെണ്ടയ്ക്ക് കിലോഗ്രാമിന് നാലുരൂപയാണ് ലഭിച്ചത്. നൂറുകിലോയിൽ താഴെ മാത്രം ഉണ്ടായിരുന്ന വെണ്ടയ്ക്ക 400 രൂപയിൽ താഴെയാണ് ലഭിച്ചത്.
എന്നാൽ രണ്ടുതൊഴിലാളികളെ വച്ച് വെണ്ടയ്ക്ക പറിക്കാൻ കൂലി 460 രൂപയാണ്. പാട്ടത്തിനെടുത്ത നിലത്തിൽ കൃഷിയിറക്കാൻ തന്നെ മുപ്പതിനായിരത്തോളം രൂപയായി.