ലണ്ടന്‍: രണ്ട് ദശാബ്ദം നീണ്ട പരിശീലകവേഷം അഴിച്ചുവെച്ച് ആഴ്സണലിന്റെ ഇതിഹാസ പരിശീലകന് ആഴ്സീന്‍ വെംഗര്‍ വിരമിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സനലിന്റെ അമരക്കാരനായി വെംഗർ എത്തിയിട്ട് 22 വർഷം പൂർത്തിയാവുന്നു.
ഈ സീസണൊടുവില്‍ പരിശീലക സ്ഥാനത്തു നിന്നു വിരമിക്കുകയാണെന്ന് ആഴ്സണലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ക്ലബ് അധികാരികളുമായി ആലോചിച്ചശേഷമാണ് ഈ സീസണോടെ വിരമിക്കാൻ തീരുമാനിച്ചതെന്ന് വംഗർ പറഞ്ഞു. ഇത്രയും കാലം ആഴ്സണലിൽ തുടരാനായതിൽ അഭിമാനിക്കുന്നുവെന്നും പരിശീലകനെന്ന നിലയിൽ പൂര്‍ണമായും താന്‍ ക്ലബ്ബിനായി സമര്‍പ്പിച്ചിരുന്നുവെന്നും വെംഗര്‍ പറഞ്ഞു.
ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ തീരുമാനമാണ് വെംഗറുടേതെന്ന് ക്ലബ്ബിന്റെ ഏറ്റവും വലിയ ഒാഹരി ഉടമയായ സ്റ്റാന്‍ ക്രോയെങ്കെ പ്രതികരിച്ചു. ഇത്രയും കാലം ക്ലബ്ബിനെ നയിച്ച വെംഗറുടെ സാന്നിധ്യമായിരുന്നു ആഴ്സണലിൽ മുതൽ മുടക്കാൻ താനുൾപ്പെടെയുള്ള ഒാഹരി ഉടമകളെ പ്രേരിപ്പിച്ചതെന്നും ക്രോയെങ്കെ പറഞ്ഞു.
അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു ജാപ്പനീസ് ഫുട്ബോൾ ക്ലബിൽ നിന്നാണ്1996ല്‍ ആഴ്സനലിന്റെ പരിശീലക സ്ഥാനത്തേക്ക് ആഴ്സൻ വെഗഗർ എത്തുന്നത്. ആദ്യ സീസൺ കഴിഞ്ഞിട്ടും ഫുട്ബോൾ ലോകത്ത് വെംഗർ അപരിചിതനായിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹത്തിന്റെ പേര് ഫുട്ബോൾ പ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി.
ഒരു സീസണിൽ രണ്ടു മത്സരങ്ങൾ തുടർച്ചയായി തോറ്റാൽ കോച്ചിനെ മാറ്റുന്ന ക്ലബ് ഫുട്ബോളിൽ 22 വർഷം ഒരു ക്ലബിന്റെ കോച്ചായിരുന്നു എന്നയിടത്താണ് ആഴ്സൻ വെംഗർ വ്യത്യസ്തനാവുന്നത്. വെംഗര്‍ ആഴ്സനലിന്റെ കൂടെ മൂന്ന് പ്രീമിയര്‍ ലീഗ്, ഏഴ് എഫ്എ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.
20 തവണ ആഴ്സണലിനെ ചാമ്പ്യന്‍സ് ലീഗിലെത്തിച്ചു. 2004ല്‍ ഒറ്റ മത്സരംപോലും തോല്‍ക്കാതെ ആഴ്സനലിനെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചതും വെംഗറിന്റെ ചുമലിലേറിയാണ്. പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന ആഴ്സനല്‍ കഴിഞ്ഞ ദിവസം ന്യൂകാസിലിനോട് പരാജയപ്പെട്ടിരുന്നു. ഈ വർഷം ആഴ്സണലിന്റെ എവേ മത്സരങ്ങളിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയായിരുന്നു അത്.
വെംഗറുടെ വിരമിക്കല്‍ ആരാധകർക്ക് വലിയ ഞെട്ടൽ ആയിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങൾ അതാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് പുകഴ്ത്താനും ആരാധകർ മടിച്ചില്ല.