മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ആത്മവിശ്വാസം കൈവിടാതെ അവസാനവട്ട പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ തിരക്കില്‍. നാളെ 1.70 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇന്നു നിശബ്ദപ്രചാരണം. ആറുസ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിനായി കെ.എന്‍.എ.ഖാദര്‍, എള്ഡിഎഫിനായി പി.പി.ബഷീര്‍, എന്‍ഡിഎക്കായി കെ.ജനചന്ദ്രന്, എസ്ഡിപിഐക്കായി കെ.സി.നസീര്‍ സ്വതന്ത്രരായി കറുമണ്ണില്‍ ഹംസ, ശ്രീനിവാസ് എന്നിവരാണ് മത്സരിക്കുന്നത്. പ്രചാരണത്തിലെ മുന്നേറ്റവും ജനപങ്കാളിത്തവും കൊണ്ട് ഇടതുപാളയം അട്ടിമറി പ്രതീക്ഷയിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പഞ്ചായത്തുകള്‍ തോറും നടത്തിയ റോഡ് ഷോകളിലും മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, വി.എസ്. അച്യുതാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്ത പൊതുപരിപാടികളിലും സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ജനപ്രവാഹമുണ്ടായത് ഇടതുപക്ഷത്തിന്റെ അട്ടിമറി പ്രതീക്ഷയ്ക്ക് ബലമേകുന്നു.
അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അതിനായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തന്നെ റോഡ് ഷോയുമായി കളത്തിലിറക്കിയായിരുന്നു യുഡിഎഫ് പോരാട്ടം.
രാഷ്ട്രീയ ആവേശം വാനോളമുയര്‍ത്തി വേങ്ങരയില്‍ മുന്നണികളുടെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ സമാപിച്ചു. ഇന്നലെ ഉച്ചയോടെ വേങ്ങര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊട്ടിക്കലാശം വൈകുന്നേരം ആറുമണിയോടെയാണ് സമാപിച്ചത്. മണ്ഡനത്തിനകത്തു നിന്നും പുറത്തുനിന്നുമായെത്തിയ ആയിരങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ക്ക് ആവേശം പകരാനെത്തി.
കൊട്ടും കുരവയുമായി അവര്‍ വേങ്ങരയെ ശബ്ദമുഖരിതമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വേങ്ങര ടൗണില്‍ കൊട്ടിക്കലാശം നടത്തുന്നതു പോലീസ് വിലക്കിയിരുന്നു. ടൗണില്‍ കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വേങ്ങരയില്‍ ഇന്നലെ അര്‍ധസൈനിക വിഭാഗം റൂട്ട്മാര്‍ച്ച് നടത്തി. മണ്ഡലത്തിലുള്‍പ്പെടുന്ന ആറു പഞ്ചായത്തുകളുടെ കേന്ദ്രങ്ങളിലാണ് ഇന്നലെ ഉച്ചമുതല്‍ ആവേശം വിതറിയ കൊട്ടിക്കലാശം അരങ്ങേറിയത്.
ഇരുമുന്നണികളും വാശിയോടെയാണ് പ്രചാരണം കൊഴുപ്പിച്ചത്. സ്ഥാനാര്‍ഥികളുടെ ബാനറുകളും പാര്‍ട്ടി കൊടികളും കെട്ടിയ തുറന്ന വാഹനങ്ങളില്‍ കൊട്ടുംകുരവയുമായി പ്രവര്‍ത്തകര്‍ റോഡിലൂടെ നീങ്ങി.അകമ്പടിയായി ബൈക്ക് റാലികളും. ഇടതുപ്രവര്‍ത്തകര്‍ ചുവപ്പിന്റെ വര്‍ണം വാരി വിതറിയാണ് പോയത്.
ചുവപ്പു ഷര്‍ട്ടുകളും ഹെഡ്ബാന്റുകളുമായി അവര്‍ അങ്ങാടികള്‍ ചുറ്റി. യുഡിഎഫ് പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയും പച്ചക്കൊടികളുമായി വിവിധ കേന്ദ്രങ്ങളില്‍ സജീവമായി.തെരഞ്ഞെടുപ്പു പാട്ടുകളുമായി ഗായകരും പ്രചാരണത്തിന് കൊഴുപ്പേകി. ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങളും മണ്ഡലമാകെ സജീവമായി. മുന്നണിപ്രവര്‍ത്തകര്‍ വെവ്വേറെയായാണ് കൊട്ടിക്കലാശം നടത്തിയത്.
ചിലയിടങ്ങളില്‍ ഒരിടത്തു തന്നെ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചെത്തിയെങ്കിലും സംഘര്‍ഷമുണ്ടായില്ല. ആര്‍പ്പു വിളികളും കൊട്ടുംകുരവയുമായി വേങ്ങര മണ്ഡലം ഇന്നലെ വൈകീട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആരവങ്ങളിലായിരുന്നു. പ്രചാരണം കഴിഞ്ഞു പ്രമുഖ നേതാക്കളെല്ലാം മടങ്ങി.
11നാണ് വോട്ടെടുപ്പ്. 15നു ഫലമറിയും. നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെ ഏതെങ്കിലുംവിധത്തിലുള്ള എക്സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.