വേങ്ങര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നാളുകളിലേക്കു നീങ്ങിയതോടെ വേങ്ങരയില്‍ നേതാക്കളുടെ പടയെത്തുന്നു. ഇനിയുള്ള ദിനങ്ങളില്‍ മൂന്നു പാര്‍ട്ടികളുടെയും കൂടുതല്‍ നേതാക്കളാണ് മണ്ഡലത്തിലെത്തുന്നത്. ഇനി ആറു ദിനങ്ങളാണ് വോട്ടെടുപ്പിന്. ഇന്നലെയും നേതാക്കളുടെ പ്രചാരണം ശക്തമായിരുന്നു. അതുകൊണ്ടു തന്നെ വേങ്ങരയില്‍ ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ല. രാവിലെ ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ രാത്രി വൈകിയാണ് അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കൈപ്പറ്റയിലാണ് ഇന്നലെ തുടങ്ങിയത്.
കേന്ദ്ര സര്‍ക്കരിന്റെ ന്യൂനപക്ഷ ദളിത് വേട്ടയും രോഹിംഗ്യന്‍ അഭയാര്‍ഥികളോടു കാണിക്കുന്ന ക്രൂരതയും, ആര്‍എസ്എസിന് വേരോട്ടമുണ്ടാക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും സംസ്ഥാനത്തിന്റെ വികസന മുരടിപ്പുമെല്ലാം യുഡിഎഫ് നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ വോട്ടര്‍മാരോട് പങ്കുവച്ചു.
ഇന്നലെ കാടേങ്ങല്പടിയില് നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന്റെ പര്യടനം തുടങ്ങിയത്. മണ്ഡലം മാറേണ്ടതിന്റ ആവശ്യകത, ഫാസിസ്റ്റുകള്‍ക്കെതിരെ ഉരിയാട്ടമില്ലാത്ത ലീഗിന്റെയും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്, പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ബഷീറിന്റെ പ്രചാരണം. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കളും പ്രചാരണ രംഗത്തുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ജനചന്ദ്രന് മാസ്റ്ററുടെ റോഡ് ഷോ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പൊട്ടിക്കല്ലില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പരമേശ്വരന് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി ഇന്നലെ രാവിലെ പറപ്പൂര് കാട്ടിയേക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പറപ്പൂര് പഞ്ചായത്തിലെ ആലചുള്ളി, ചീനിപ്പടി തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ യോഗങ്ങളിലും പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെയും മത നേതാക്കളെയും നേരില്‍ കണ്ടു വോട്ട് തേടി.