വെഞ്ഞാറമൂട് : മകനെ അവസാനമായി കാണാൻ കഴിയാത്തതിന്റെ വേദനയിൽ മനസു തകർന്ന് വൃദ്ധ മാതാപിതാക്കൾ. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഒരാളായ മിഥിലാജിന്റെ മാതാപിതാക്കളായ അബ്ദുൽ ബഷീറും ലൈലാ ബീവിയും ഇപ്പോൾ ഓമാനിലെ സൂറിലാണ് ഉള്ളത്.
സൂറിലുളള മകൾ താജുനിസയ്ക്കും കുടുംബത്തിനുമൊപ്പം നിൽക്കാനെത്തിയതാണ് ഇരുവരും. കോവിഡ് ലോക് ഡൗണിനെ തുടർന്ന് വിമാന സർവീസ് നിർത്തലാക്കിയതോടെയാണ് ഇരുവരുടേയും മടക്ക യാത്ര നീണ്ടത്.
ഇനി സെപ്തംബർ 2 ന് മാത്രമാണ് കേരളത്തിലേയ്ക്ക് വിമാന സർവീസുള്ളു എന്നതിനാൽ മടങ്ങാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. മിഥിലാജ് വെട്ടേറ്റ് മരിച്ചതാണെന്ന വിവരം ഇരുവരെയും അറിയിച്ചിട്ടില്ല.
ബൈക്ക് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് പറഞ്ഞിരിക്കുന്നത്. മരണമടഞ്ഞ മിഥിലാജ് നാലുവർഷത്തോളം സൂറിൽ പ്രവാസിയായിരുന്നു. സഹോദരി ഭർത്താവായ നിസാമുദ്ദീന്റെ സ്പെയർ പാർട്ട്സ് കടയിലും ഫുഡ് സ്റ്റഫ് കടയിലുമാണ് ജോലി ചെയ്തിരുന്നത്.
ഉൗഷ്മളമായ പെരുമാറ്റമായിരുന്നു മിഥിലാജിന്റേതെന്ന് പരിചയക്കാർ പറയുന്നു. കുറച്ചു നാളത്തെ പ്രവാസ ജീവിതത്തിൽ ജീവിതത്തിന്റെ നാന തുറയിലുള്ളവർ അടങ്ങിയ വലിയ സുഹൃദ് വലയവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ വിലമതിക്കുന്ന മിഥിലാജ് തന്റെ ആരോഗ്യം മറന്ന് മറ്റുള്ളവരെ സഹായിക്കാനും ആശ്വാസമാകാനും പരിശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളും മിഥിലാജിന്റെ മരണവാർത്ത അറിഞ്ഞ ഞെട്ടലിലാണ്.