വെഞ്ഞാറമൂട്: പോലീസ് ചമഞ്ഞു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയാളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു .വട്ടിയൂർക്കാവ് കൊടുങ്ങാമ്പൂർ മൂന്നാം മൂട് ടിസി35/843പിഎൽആർഎ83 പഞ്ചമി ലൈനിൽ ചോതി വീട്ടിൽ അഭിലാഷ് (33) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാങ്ങിത്തരാം എന്നു പറഞ്ഞായിരുന്നു ഇയാൾ പണം തട്ടിയിരുന്നത്.
റെയിൽവേയിൽ ഉദ്യോഗസ്ഥനാണെന്നും റെയിൽവേയിൽ ജോലി വാങ്ങി തരാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു ആളുകളിൽ നിന്ന് പണം അഭിലാഷ് വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.വട്ടപ്പാറ കണക്കോട് ഉദിമൂട് നിവാസിൽ സജുവിൽ നിന്നും അഭിലാഷ് 319000 രൂപയും പതിനാറു ചെക്കുകളും ഒപ്പിട്ടു വാങ്ങുകയും ചെയ്തു.തുടർന്ന് അഭിലാഷ് ഒളിവിൽ പോകുകയും ചെയ്തു.സജു വട്ടപ്പാറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുത്തതായി അറിയുന്നത്. അന്വേഷണത്തിൽ വട്ടിയൂർക്കാവ് തൊഴുവൻ കോട് സ്വദേശി അരുൺ കുമാറിൽ നിന്നും 99000 രൂപയും 26ചെക്കും ഇയാൾ വാങ്ങിയതായി കണ്ടെത്തി.
അഭിലാഷ് ചെക്കിൽ വലിയ തുകകൾ എഴുതി ബാങ്കിൽ കൊടുക്കുകയും ചെക്ക് മടങ്ങുമ്പോൾ ഉടമസ്ഥന്റെ പേരിൽ കേസ് കൊടുക്കുകയും ചെയ്യും. വട്ടപ്പാറ എസ്ഐ ഹരിലാൽ, ഷംനാദ്, ബിജി, സുനിൽ കുമാർ, ഷാജി, സതീശൻ എന്നിവർ നേതൃത്വം നൽകി. ഇയാളുടെ തട്ടിപ്പിന് ഇരായായവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം എന്ന് എസ്ഐ പറഞ്ഞു.അഭിലാഷിനോടൊപ്പം കൂടുതൽ പേര് തട്ടിപ്പിനു പിന്നിൽ ഉള്ളതായി പോലീസ് സംശയിക്കുന്നു.