വെഞ്ഞാറമൂട്: തേമ്പാമൂട് ഇരട്ടക്കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഡി.സുനിൽ. സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സുനില്‍ പറയുന്നു.
ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു മരിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം.
കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി ഒന്‍പതുപേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പോലീസ് കുറ്റപത്രം നല്‍കിയത്.
ഡി. സുനിലിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:
തിരുവോണനാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ വച്ച് തെറി വിളിച്ചത് നിങ്ങള്‍ തന്നെയല്ലേ.. ഞങ്ങള്‍ ആണോ?.
ആ തിരുവോണനാളില്‍ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാല്‍ അറിയാം എന്തുകൊണ്ട് തെറിവിളി കേള്‍ക്കേണ്ടി വന്നുവെന്ന്.
ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച് ചില ആള്ക്കാര് കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ചോദ്യം ചെയ്തവരെ ആക്രമിക്കാന്‍ ………ക്വട്ടേഷന്‍ കൊടുക്കുന്നു ഇതല്ലേ സംഭവം?.
ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങള്‍ വാഴ്ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് വസ്തുതകള്‍ നന്നായി അറിയാം’-സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഡി. സുനിലാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന പോലീസിന്റെ കുറ്റപത്രം തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച സിപിഎം ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നല്കി.
സിപിഎം നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടപ്പോള്‍ കേരള പോലീസ് തന്നെ കേസ് തെളിയിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം
കോൺഗ്രസിനെതിരെയുള്ള സിപിഎമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ ഒരു സിപിഎം എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും അടൂര്‍ പ്രകാശ് എംപി തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശ് എംപിക്കെതിരെയും സിപിഎം ആക്രമണം അഴിച്ചുവിടുകയായിരുന്നു.