വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) വെള്ളല്ലൂർ , കീഴ്പേരൂർ ചരുവിളവീട്ടിൽ, അനു (31) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഓട്ടോ ഡ്രൈവർമാരായ ഇരുവരും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിംഗിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുന്നത്.
പ്രതികളുടെ പേരിൽ രണ്ട് വ്യത്യസ്ത പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ ചന്ദ്രന് രണ്ട് ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികളെ കിളിമാനൂർ, പോങ്ങനാട് എന്നീ സ്ഥലങ്ങളിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ സി ഐ കെ. ബി. മനോജ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എസ്. അഷറഫ്, ഷാജി, എഎസ്ഐ ഷജീം, വനിതാ പോലീസ് ഉദ്യോഗസ്ഥരായ പ്രിയ , അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജാരക്കി റിമാൻഡ് ചെയ്തു .