വെഞ്ഞാറമൂട്: ദീർഘദൂര യാത്രക്കാർക്ക് ലഘുഭക്ഷണവും പ്രതിരോധ ഉപകരണങ്ങളും നൽകി കരുതലൊരുക്കുകയാണ് ഇൻസ്പക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പോലീസ്.
വെഞ്ഞാറമൂട് ജംഗ്ഷനിലെ പരിശോധന പോയിന്റിൽ വിശന്നുവലഞ്ഞ് വണ്ടിയോടിച്ചെത്തുന്നവർക്കായി ഭക്ഷണവുമായാണ് പോലീസിന്റെ കാത്തുനിൽപ്പ്.
ലോക്ക് ഡൗണിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങുന്ന യാത്രക്കാരെ തേടിയാണ് തുടക്കത്തിലേ പോലീസ് എത്തിയത്. ഇതിനിടയിലാണ് അത്യാവശ്യ കാര്യങ്ങൾക്കായി ദീർഘദൂര യാത്ര നടത്തുന്നവരുടെ ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട് പോലീസിന് ബോധ്യപ്പെടുന്നത്.
ഇതോടെ നിയമപാലനത്തിനായി ഇറങ്ങുന്ന ജീപ്പിൽ അല്പം ഭക്ഷണവും കരുതിയായി പോലീസിന്റെ പട്രോളിങ്. ദീർഘദൂര ലോറി ഡ്രൈവർമാരുടെ ഇടത്താവളമായിരുന്നു വെഞ്ഞാറമൂട്.
സംസ്ഥാന പാത യാത്രക്കിടെ കൂടുതൽ പേരും ഭക്ഷണം പോലും കഴിക്കാതെയാണ് വണ്ടി ഒാടിക്കുന്നതെന്നറിഞ്ഞതോടെ ജനമൈത്രി പോലീസിന്റെ സഹകരണം തേടുകയായിരുന്നു. വാഹന ബാഹുല്യം കുറവാണങ്കിലും അൻപത് മുതൽ നൂറ് പേർക്കു വരെയുള്ള ലഘുഭക്ഷണമാണ് ഇവിടെ കരുതുന്നത്.
സബ്ബ് ഇൻസ്പക്ടർമാരായ മധു, അജിത്, ‘എഎസ്ഐ ഷാജു, സിവിൽ പോലീസ് ഓഫീസർ മഹേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ സഫീജ, ശ്രീപ്രിയ, ജനമൈത്രി പോലീസ് കോ-ഓഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.