വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുപ്പത്തി ഏഴോളം പോലീസുകാർ ഉൾപ്പെടെ നൂറ്റി ഇരുപതോളം പേർ നിരീക്ഷണത്തിൽ. ഇതേത്തുടർന്ന് വെഞ്ഞാറമൂട് മേഖല അതീവ ജാഗ്രതയിലായി.
വാഹനത്തിൽ ചാരായം സൂക്ഷിച്ച് കടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രതിയ്ക്ക് കഴിഞ്ഞ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസിന് പുറമെ മജിസ്ടേറ്റ്, വൈദ്യ പരിശോധന നടത്തിയ കന്യാകുളങ്ങര ആശുപത്രിയിലെ ജീവനക്കാർ, പ്രതികളെ പിടികൂടിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ നീരീക്ഷണത്തിലേയ്ക്ക് പോകാൻ നിർദേശിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
പ്രതികൾ എത്തിയപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന സി ഐയും എസ്ഐമാരും ഉൾപ്പെടെ മുപ്പത്തിനാല് പോലീസുകാരും, രണ്ട് ഹോം ഗാർഡുമാരും, സ്പെഷ്യൽ ബ്രഞ്ച് ഉദ്യേഗസ്ഥനും സെൻട്രൽ ജയിലിലെ പന്ത്രണ്ട് ജീവനക്കാരെയുമാണ് ഇന്നലെ നിരീക്ഷണത്തിലേയ്ക്ക് മാറ്റിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ചാരായവുമായി വന്ന സിഫ്റ്റ് കാർ മൂളയം ജംഗ്ഷന് സമീപത്തുവച്ച് പോലീസ് ട്രയിനിയെ ഇടിച്ചിടുകയും നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു പേരും മദ്യലഹരിലായിരുന്നു.
ഇവർ വെഞ്ഞാറമൂട് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ ജയിലിലെ നിരീക്ഷണത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു. ഇയാൾക്ക് രോഗം എവിടെ നിന്ന് കിട്ടിയെന്ന് ഇരുവരെയും വ്യക്തമായിട്ടില്ല.
സ്റ്റേഷനും പരിസരവും ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി അണു നശീകരണം നടത്തി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്നും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും ഡി.കെ.മുരളി എംഎൽഎയും, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ് കുറുപ്പും പറഞ്ഞു.