വെഞ്ഞാറമൂട് : യുഡിഎഫ് അധികാരത്തിൽ വന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐക്ക് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നെല്ലനാട് കോൺഗ്രസ് ഭവൻ തീയിട്ട് നശിപ്പിക്കുകയും കോൺഗ്രസ് നേതാവ് രമണി പി. നായരുടെ വീട് ആക്രമിക്കുകയും, പരമേശ്വരം കോൺഗ്രസ് ഓഫീസ് അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികളെ പോലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നെന്ന് അരോപിച്ച് കോൺഗ്രസ് വെഞ്ഞാറമൂട് ജംഗ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. എന്നാൽ ഇത് രാഷ്ട്രീയ കൊലപാതകമാക്കാൻ പോലീസ് കൂട്ടുനിന്നത് സിപിഎമ്മിന്റെ താത്പര്യപ്രകാരമാണെന്നുംഅതിനാൽ കൊലപാതകം സിബിഐ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ഉപവാസത്തിൽ വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ അധ്യക്ഷതവഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, സെക്രട്ടറിമാരായ രമണി പി. നായർ, എം.എ. ലത്തീഫ് , നിർവാഹക സമിതി അംഗം ഇ. ഷംസുദ്ദീൻ , ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനിൽ, വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, സെക്രട്ടറിമാരായ ഡി. സനൽകുമാർ ,കല്ലറ അനിൽ,
വാമനപുരം രവി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ നായർ, കോൺഗ്രസ് നേതാക്കളായ മഹേഷ് ചേരിയിൽ, ഡോ.സുശീല , എം. എസ്. ഷാജി, മോഹനൻ നായർ , എം.മണിയൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് നെല്ലനാട് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാവിലെ 10 ന് ആരംഭിച്ച ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിച്ചു. സമാപന സമ്മേളനം മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.