തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ അഫാനെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് തുടങ്ങിയത്. അഫാന്റെ പെണ്‍സുഹൃത്ത് ഫർസാന, അഫാന്റെ അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നത്തെ തെളിവെടുപ്പ്. ഇരുവരെയും പ്രതി കൊലപ്പെടുത്തിയത് ഈ വീട്ടിൽ വച്ചായിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ രീതി പ്രതി അഫാൻ അന്വേഷണ സംഘത്തോട് വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും സാധനങ്ങൾ വാങ്ങിയ കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. നേരത്തെ ഇയാളുടെ മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃസഹോദരൻ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിതബീവി എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെയും തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
അതേ സമയം അഫാൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മാതാവ് ഷെമി ഇതുവരെയും മകനെതിരെ പോലീസിൽ മൊഴി നൽകിയിട്ടില്ല. കട്ടിലിൽ നിന്നും വീണത് കൊണ്ടാണ് പരിക്ക് പറ്റിയതെന്നാണ് ഷെമി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. മകൻ അഫാനെ നേരിൽ കാണണമെന്നും സംസാരിക്കണമെന്നും ഷെമി അന്വേഷണ സംഘത്തോട് അഭ്യർത്ഥിച്ചു.
ഇന്ന് നടക്കുന്ന തെളിവെടുപ്പ് പൂർത്തിയായ ശേഷം പ്രതിയെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. ഇതോടെ അഞ്ച് കൊലപാതക കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയാകും.