തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനുമായി അനേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെ പ്രതി പോലീസ് സ്റ്റേഷനിലെ ശുചി മുറിയിൽ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ തിരികെ എത്തിച്ചു.
ഇന്നു രാവിലെ ആറരയോടെയാണ് പ്രതി ശുചി മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ പോലീസ് സംഘം ഇയാളെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. രക്ത സമർദ്ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് തിരികെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നുച്ചയ്ക്ക് ആരംഭിക്കും.ഇയാളുടെ മുത്തശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസാണ് നെടുമങ്ങാട് ജൂഡിഷൽ മജിസ്ട്രെറ്റ് കോടതിയിൽ അപേക്ഷ നൽകി പ്രതിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ഇന്നലെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
സൽമ ബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള കുടുംബ വീട്ടിലും ഇവരുടെ സ്വർണം അപഹരിച്ചു പണയം വച്ച വെഞ്ഞാറമൂട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും കൊലക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.
ഇന്നലെ രാത്രി അനേഷണ സംഘം പ്രതിയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയാണ് കൂട്ട കൊലക്ക് കാരണമെന്നാണ് പ്രതി അഫാൻ വീണ്ടും ആവർത്തിച്ചത്. തന്റെ മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ അവർ കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപെടുത്തിയതെന്നാണ് പ്രതി ഇന്നലെ രാത്രിയിലും അനേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
പല ആവശ്യങ്ങൾക്കും സൽമ ബീവിയോട് സ്വർണം പണയം വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോഴൊന്നും തന്നില്ല. ഇതാണ് കൊലക്ക് കാരണമെന്നാണ് പ്രതി ഇന്നലെ രാത്രിയിലെ ചോദ്യം ചെയ്യലിലും ആവർത്തിച്ചു വ്യക്തമാക്കിയത്.