വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് പരിക്ക്. കോട്ടയം കുമരകം വിഷ്ണു ഭവനിൽ ഹരി (30) ഭാര്യ മാളു (23) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇവരുടെ അഞ്ചു വയസുള്ള മകൾ ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 4ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപത്തായിരുന്നു അപകടം.കുമരകത്തു നിന്നും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇവർ. നായ കുറുകെ ചാടിയതിനെത്തുടർന്ന് വാഹനം വെട്ടിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
പരിക്കേറ്റവർ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.