മുക്കം: തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയ വഴി വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ.
മുക്കം സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ സംഭവത്തെ അപലപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് യുത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ഭാരവാഹിയായ യൂസരി മുഹമ്മദിന്റെ പേരിലുള്ള ഐഡിയിൽ നിന്ന് ഇനിയും കൊല്ലുമെന്ന കമന്റ് വന്നത്.
ഇതിനെതിരെ നിരവധി ഡി വൈ എഫ് ഐ പ്രവർത്തകരും വിവിധ കമന്റുകൾ ഇട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേ സമയം ഈ കമന്റ് ഇട്ടത് താനല്ലന്ന് യൂസരി മുഹമ്മദും പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണന്നും ഇയാൾ പറയുന്നു. അതിനിടെ ഇതിന് മുൻപും യൂസരി മുഹമ്മദ് എന്ന ഐഡിയിൽ നിന്ന് കമ്മികൾ കൊല്ലപ്പെടേണ്ടവരാണന്നും കൊന്നവർക്ക് അഭിനന്ദനങ്ങൾ എന്നുമൊക്കെ കമന്റ് വന്നിരുന്നതിന്റെയും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മുക്കത്ത് നടത്തിയ പ്രകടനത്തിലും പൊതുയോഗത്തിലും പ്രകോപനപരമായ വാക്കുകളാണ് ഉണ്ടായിരുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരേ പോലീസ് കേസെടുത്തിട്ടില്ലങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസിന് കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ നേതാവ് എ.പി.ജാഫർ ഷരീഫ് ഭീഷണി മുഴക്കി.
വർഷങ്ങളായി കാര്യമായ രാഷ്ടീയ പ്രശനങ്ങളൊന്നുമില്ലാത്ത മുക്കത്ത് പരസ്പര വെല്ലുവിളി വലിയ ആശങ്കയാണ് ഉയർത്തുന്നത്.