കൊച്ചി: നാലുദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഉപരാഷ്ട്രപതി കൊച്ചിയില്‍നിന്നു തിങ്കളാഴ്ച മടങ്ങിയത് പുട്ടുകുറ്റികളുമായി.
എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പ്രാതലിനു ലഭിച്ച പുട്ടാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനും പത്നി ഉഷയ്ക്കും ഏറെ ഇഷ്ടപ്പെട്ടത്.
പുട്ട് ഉണ്ടാക്കുന്ന വിധം ചോദിച്ചു മനസിലാക്കിയ ഉപരാഷ്ട്രപതിയുടെ പത്നി ചിരട്ട പുട്ടുകുറ്റിയും സ്റ്റീല്പുട്ടുകുറ്റിയും പണം നൽകി വാങ്ങിപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രണ്ട്, മൂന്ന് തിയതികളിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ ലഭിച്ച വിഭവങ്ങളില്‍ പൂര്‍ണതൃപ്തി ഇരുവരും രേഖപ്പെടുത്തി.
കേരളീയരീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ ആസ്വദിച്ചു കഴിച്ചു. കായല്‍ മത്സ്യങ്ങളാണ് കൂടുതലും ആസ്വദിച്ചത്. 21 വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു.