കൊല്ലം: പ്രസ്ക്ലബിന്റെ സുവർണ ജൂബലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗവർണർ റിട്ട.ജസ്റ്റിസ് പി.സദാശിവം ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എൻ.കെ.പ്രേമചന്ദ്രൻ എംപി, മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, എം.മുകേഷ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണൻ, ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവർ പങ്കെടുക്കും.
സുവർണ ജൂബിലി ആഘോഷത്തിന്റെ ശിലാഫലക ശിലാസ്ഥാപനവും സുവർണജൂബിലി സ്മാരക തപാൽ സ്റ്റാന്പിന്റെ പ്രകാശനവും ചടങ്ങിൽ ഉപരാഷ്ട്രപതി നിർവഹിക്കും. രണ്ടിന് ഉച്ചകഴിഞ്ഞ് 3.20ന് ആശ്രാമം ഹെലിപാഡിൽ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എത്തുന്ന ഉപരാഷ്ട്രപതി കാർമാർഗം 3.30ന് വേദിയിലെത്തും. ചടങ്ങിന് ശേഷം വൈകുന്നേരം 4.30ന് അദ്ദേഹം മടങ്ങും.
ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ജില്ലയ്ക്കകത്തും പുറത്തുമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെല്ലാം ചടങ്ങിൽ സംബന്ധിക്കാൻ എത്തുമെന്ന ഭാരവാഹികൾ പറഞ്ഞു.കൊല്ലം പ്രസ്ക്ലബ് 1960കളിലാണ് രൂപീകൃതമാകുന്നത്. 1969 ഫെബ്രുവരി 22ന് പ്രസ്ക്ലബ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരാണ്.
സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ പേരിലാണ് ഇപ്പോൾ പ്രസ്ക്ലബ് അറിയപ്പെടുന്നത്.ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, സുവനീർ പ്രകാശനം, ഭവനനിർമാണം, കുടുംബ സംഗമം, മെഡിക്കൽ ക്യാന്പ് എന്നിവ സംഘടിപ്പിക്കാനാണ് തീരുമാനം.
ആദ്യസെമിനാറിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുകയുണ്ടായി. പത്രസമ്മേളനത്തിൽ പ്രസ്ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജിയബിജു, വൈസ് പ്രസിഡന്റുമാരായ എസ്.ആർ.സുധീർകുമാർ, പി.ആർ.ദീപ്തി, ട്രഷറർ പി.എസ്.പ്രദീപ്ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.