സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ് എന്നതതു ക്രിക്കറ്റിലേക്കു വരുന്പോൾ ചെറിയൊരു മാറ്റമുണ്ട്, വെങ്കിടേഷ് രാജശേഖരൻ അയ്യർ ബികോം, എംബിഎ. ആദ്യത്തേത് ജയറാമിന്റെ സൂപ്പർ ഹിറ്റ് സിനിമയാണെങ്കിൽ ഈ അയ്യർ തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ കടുത്ത ആരാധകനാണ്.
കൂടുതൽ അറിയണമെങ്കിൽ ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കു നോട്ടമെത്തണം. കെകെആർ ടീമിലെ എംബിഎ ഹോൾഡറാണ് ഇരുപത്താറുകാരനായ വെങ്കിടേഷ് അയ്യർ. ജനിച്ചതും വളർന്നതും മധ്യപ്രദേശിലെ ഇൻഡോറിൽ.
ബികോം കഴിഞ്ഞ് സിഎയിലേക്കു തിരിഞ്ഞെങ്കിലും ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവരുമെന്നതിനാൽ തീരുമാനം മാറ്റി എംബിഎ ഫിനാൻസ് പഠിച്ചു. അതിന് ഒരു കാരണം മാത്രം, വെങ്കിടേഷിന്റെ മാതാപിതാക്കൾ.
തമിഴ് കുടുംബമായതിനാൽ പഠനംകഴിഞ്ഞ് മതി കളി എന്നതായിരുന്നു വെങ്കിടേഷിന്റെ പിതാവ് രാജശേഖരൻ അയ്യരുടെ നിലപാട്.
മകന്റെ അടങ്ങാത്ത ക്രിക്കറ്റ് അഭിനിവേശം മനസിലാക്കിയ അമ്മ ഉഷ അയ്യരാണ് വെങ്കിടേഷിനെ ക്രിക്കറ്റിലേക്കു കൈപിടിച്ചത്. അപ്പോളോ ആശുപത്രിയിലെ ഹെഡ് നഴ്സായ ഉഷ, മകനെ ഇൻഡോറിലെ മഹാരാജ യശ്വന്തറാവു ക്രിക്കറ്റ് ക്ലബ്ബിൽ ചേർത്തു.
ആ യാത്ര മധ്യപ്രദേശ് അണ്ടർ 23 ടീം ക്യാപ്റ്റൻ, സീനിയർ ട്വന്റി-20, ഏകദിന ടീമുകളും കടന്ന് ഐപിഎല്ലിലെ ഗ്ലാമർ ടീമുകളിലൊന്നായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽവരെ എത്തിനിൽക്കുന്നു.
യുവരാജ് 2.0
ആദ്യ പരിശീലകനായ ദിനേഷ് ആണ് വെങ്കിടേഷിന്റെ വഴികാട്ടി. ഈ കാലഘട്ടത്തിലെ യുവരാജ് സിംഗ് എന്നാണ് വെങ്കിടേഷിനെ ദിനേഷ് വിശേഷിപ്പിക്കുന്നത്.
ഇടം കൈ ബാറ്റ്സ്മാനും വലംകൈ ബൗളറുമായതിനാലല്ല, കേളീശൈലികൊണ്ടാണിത്. ആറാം നന്പർ ബാറ്ററായാണു വെങ്കിടേഷ് ആദ്യം കളിയാരംഭിച്ചത്, ദിനേഷ് ഒരു സുപ്രഭാതത്തിൽ ഓപ്പണറാക്കി.
കെകെആറിൽ വെങ്കിടേഷിനെ ഏറ്റവും പിന്തുണയ്ക്കുന്നത് ഹർഭജൻ സിംഗ് ആണ്. ഈ സീസണിലാണു താരത്തെ കോൽക്കത്ത സ്വന്തമാക്കിയത്.
20-ാം തീയതി റോയൽ ചലഞ്ചേഴ്സിനെതിരേയായിരുന്നു ഐപിഎൽ അരങ്ങേറ്റം. അന്ന് 27 പന്തിൽ 41 റണ്‍സുമായി പുറത്താകാതെനിന്നു. മത്സരശേഷം ഹർഭജന്റെ അഭ്യർഥന മാനിച്ച് ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലി വെങ്കിടേഷിനൊപ്പം ഏറെ നേരം ചെലവിട്ടു.
മുംബൈ ഇന്ത്യൻസിനെതിരേയായിരുന്നു വെങ്കിടേഷിന്റെ രണ്ടാം മത്സരം. 30 പന്തിൽ 53 റണ്‍സ് വെങ്കിടേഷ് അടിച്ചെടുത്ത് ടീമിന്റെ ഏഴു വിക്കറ്റ് ജയത്തിൽ നിർണായക പങ്കു വഹിച്ചു. വെങ്കിടേഷ് അയ്യർ ബികോം, എംബിഎ കളിതുടരുകയാണ്…