തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമി ജനറൽ കൗണ്‍സിൽ അംഗത്വം രാജിവച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണു സൂചന. രാജിക്കത്ത് അദ്ദേഹം അക്കാദമി ചെയർമാനു കൈമാറി.
നേരത്തെ പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട കത്തു നൽകിയത് വിവാദമായിരുന്നു ഇതേതുടർന്നു മോഹൻലാലിനെ പിന്തുണച്ചു കൊണ്ടു വിവിധ ചലച്ചിത്ര സംഘടനകളും മുഖ്യമന്ത്രിക്കു കത്തുനൽകി.
വിവാദങ്ങൾ കത്തിനിൽക്കവെ മോഹൻലാലിനെതന്നെ ചടങ്ങിൽ മുഖ്യാതിഥിയാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാർഡ് വിതരണം നടക്കുന്നത്.