ചെങ്ങന്നൂർ: വെണ്മണിയിൽ ദന്പതികളായ എ.പി. ചെറിയാനേയും ലില്ലിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലബലുവിനെയും ജൂവലിനേയും ഇന്ന് വൈകുന്നേരത്തോടെ വിമാനമാർഗം കേരളത്തിൽ എത്തിക്കും. നെടുന്പാശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രതികളെ രാത്രി 7.30 ഓടെ വെണ്മണിയിൽ എത്തിക്കും. നാളെ തെളിവെടുപ്പിനായി പ്രതികളെ കൊലപാതകം നടന്ന കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എത്തിക്കും. ഇതിന് ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച വിശദവിവരങ്ങൾ അറിയാനാകൂ.
കൊലപ്പെടുത്താനുണ്ടായ സാഹചര്യം, മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയും അന്വേഷണ സംഘത്തിന് വ്യക്തമാകാനുണ്ട്. സംഭവ ദിവസം കൊല നടന്ന വെണ്മണി ആഞ്ഞിലിമൂട്ടിൽ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും തിങ്കളാഴ്ച വൈകുന്നേരം 5.26 നുള്ള തിരുവനന്തപുരം ചെന്നൈ മെയിലിൽ കയറുകയും ചെയ്ത പ്രതികൾ വെണ്മണിയിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചു.
ഈ സമയം കൊല്ലപ്പെട്ട ചെറിയാന്റെ ഫോണും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.56 ന് ചെന്നൈയിൽ എത്തുകയും കൊൽക്കത്ത (ഹൗറ) യിലേക്കുള്ള കൊറമണ്ഡൽ എക്സ്്സ്പ്രസിൽ രാവിലെ 8.46ന് ചെന്നൈയിൽ നിന്നും കയറുകയും ചെയ്തു. ചെറിയാന്റെ ഫോണിന്റെ ഐഎംഇഐ നന്പറും പ്രതികളിലൊരാളുടെ ഫോണ് വിളികളും പിന്തുടർന്നതും ചെങ്ങന്നൂരിൽ നിന്നും ചെന്നൈയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായതുമാണ് പ്രതികളെ പിന്തുടരാനും കുടുക്കാനും സഹായിച്ചത്.
നാട്ടിലുള്ള കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്തതിലൂടെയാണ് ഇവർ ചെന്നൈയ്ക്ക് പുറപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലിൽ ലബലുവും ജൂവലും ഒന്നിച്ചെടുത്ത സെൽഫിയും ഇവർ പോലീസിന് കൈമാറിയിരുന്നു. ഇത് ലുക്ക് ഒൗട്ട് നോട്ടീസായി ഇറക്കിയതു വേഗത്തിൽ പ്രതികൾ പിടിയിലാകാൻ കാരണമായി. കൊൽക്കത്തയിൽ നിന്നും ജലമാർഗം ബംഗ്ലാദേശിലേക്ക് പ്രതികൾ രക്ഷപെടാനുള്ള പദ്ധതി ഇട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.