ചെങ്ങന്നൂർ: അകാലത്തിൽ മരണമടഞ്ഞ മകളുടെ കല്ലറയിൽ ചെറിയാനും ലില്ലിക്കും അന്ത്യവിശ്രമം. തിങ്കളാഴ്ച അതിദാരുണമായി കൊല്ലപ്പെട്ട വെണ്മണി കൊഴുവല്ലൂർപാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ75), ഭാര്യ, ലില്ലി ചെറിയാൻ (70) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലെ ആഞ്ഞിലിമൂട്ടിൽ കുടുംബ കല്ലറയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കി.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ 9.15 ഓടെ രണ്ട് ആംബുലൻസുകളിലായി അനേകം വാഹനങ്ങളുടെ അകന്പടിയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ വീടും പരിസരവും ജനനിബിഡമായി. സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായിരുന്നു ചെറിയാനും ലില്ലിയും.
പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ വൈദികർക്കും വോളന്റിയർ മാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ഏറെ ക്ലേശിക്കേണ്ടി വന്നു. ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരായ, മാത്യൂസ് മാർ തിമോത്തിയോസ്, പ്രഫ. അലക്സിയോൻ മാർ യൗ സോബിയോസ് എന്നിവരുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ നടത്തി. 11.30ഓടെ വീട്ടിൽ നിന്നും പള്ളിയിലേക്കുള്ള വിലാപയാത്രയാരംഭിച്ചു.
കോടുകുളഞ്ഞി സിഎസ്ഐ പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് തോമസ് ശാമുവേൽ നേതൃത്വം നൽകി. സിഎസ്ഐ മധ്യകേരള ഇടവക ട്രഷറർ റവ.തോമസ് പായിക്കാൻ, സെക്രട്ടറി റവ.ജോണ് ഐസക്ക് തുടങ്ങി വിവിധ സഭകളിൽ നിന്നുള്ള 100 കണക്കിന് വൈദികർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടോടെ ആഞ്ഞിലിമൂട്ടിൽ കുടുംബ കല്ലറയിൽ ഇരുവരുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തു. ഇതേ കല്ലറയിലാണ് നാലു വർഷം മുൻപ് മരണമടഞ്ഞ മകൾ ബീനയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെബിൻ.പി.വർഗീസ്, വി. വേണു, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലെജുകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജേക്കബ് തോമസ് അരികുപുറം, എബി കുര്യാക്കോസ്, എം.വി. ഗോപകുമാർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപിച്ചു. വിദേശത്തായിരുന്ന മക്കൾ ബിബി ചെറിയാനും ബിന്ദു ചെറിയാനുമടക്കമുള്ള കുടുംബാംഗങ്ങൾ ബുധനാഴ്ച തന്നെ എത്തിയിരുന്നു