ചെങ്ങന്നൂർ: വെണ്മണി കല്യാത്രയിൽ സിപിഎം – ബിജെപി സംഘർഷത്തിൽ ഇരുവിഭാഗം പ്രവർത്തകർക്ക് പരിക്കേൽക്കുകയും സമീപത്തെ എൻഎസ്എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്ത സംഭവങ്ങളിൽ പ്രതിഷേധിച്ച് സിപിഎം, എൻഎസ്എസ് എന്നീ സംഘടനകളുടെ ആഹ്വാനം ചെയ്ത ഹർത്താൽ വെണ്മണി പഞ്ചായത്തിൽ ആരംഭിച്ചു. കടകന്പോളങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. എന്നാൽ വാഹനഗതാഗതം നടക്കുന്നുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിനുശേഷം എങ്ങും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ സംഘർഷസാധ്യത തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാത്ര ജംഗ്ഷനിൽ ഇന്നലെ നടന്ന സംഘർഷത്തിൽ സിപിഎം പ്രവർത്തകരായ ജില്ലാ പഞ്ചായത്തംഗം ജെബിൻ.പി.വർഗീസ(30)്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാാംകുമാർ(45), സെൻസിലാൽ(33) എന്നിവർക്കും ആർഎസ്എസ് പ്രവർത്തകരായ വെണ്മണി വേലന്തറയിൽ രാജേഷ്(36), പുല്ലേലിൽ അനൂപ്(30), സുരേഷ് ഭവനത്തിൽ സുരേഷ്(35) എന്നിവർക്കും പരിക്കേറ്റിരുന്നു.
ഇതിൽ രാജേഷിന്റെ പരിക്ക് ഗുരുതരമാണെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കല്ലും കുപ്പിയും മറ്റുമുപയോഗിച്ച് ഉണ്ടായ ആക്രമണത്തിൽ എൻഎസ്എസ് 85, 89 കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള കല്യാത്ര ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിനും കാണിക്ക വഞ്ചിക്കും ദാരുശിൽപ്പങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഡിവൈഎഫ്ഐ വെണ്മണി ഈസ്റ്റ് മേഖല ട്രഷറാർ വെണ്മണി താഴംപാടത്ത് സിബി(40)യുടെ വീടിനു നേരെ ചൊവ്വാഴ്ച ആക്രമണം ഉണ്ടായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ സിപിഎം പ്രവർത്തകർ താഴത്തന്പലത്തിൽ നിന്നും കല്യാത്രയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം കല്യാത്രയിൽ അവസാനിച്ച ശേഷമായിരുന്നു ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ബിജെപി പ്രവർത്തകർ ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ സോഡ കുപ്പികളും കല്ലും കൊണ്ടുള്ള ഏറിലാണ് ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് 85,89 നന്പർ കരയോഗങ്ങളും സിപിഎമ്മും ഹർത്താലിന് ആഹ്വാനം ചെയ്തത്.
പരിക്കേറ്റ ഇരുവിഭാഗം പ്രവർത്തകരും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ഡിവൈഎഫ്ഐ വെണ്മണി ഈസ്റ്റ് മേഖല ട്രഷറാർ വെണ്മണി താഴംപാടത്ത് സിബിയുടെ വീടിനു നേരെ നടന്ന ആക്രമണത്തിൽ താഴത്തന്പലം മനോജ് ഭവനത്തിൽ മനോജ്(30), വെണ്മണി മണിത്താഴം കുന്നുതറയിൽ സുനിൽ(42) എന്നിവർ പിടിയിലായതായി പോലീസ് അറിയിച്ചു. രണ്ട് മാസം മുന്പ് മനോജിന്റെയും സുനിലിന്റെയും വീടുകൾ ആക്രമിച്ച കേസിൽ സിബി പ്രതിയായിരുന്നതായും പോലീസ് പറഞ്ഞു.