ചെങ്ങന്നൂർ: വെണ്മണി ഇരട്ടക്കൊലക്കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ജുവൽ ഹസൻ(22), ലബലു ഹസൻ (36) എന്നിവരെ 25വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടു ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് (ഒന്ന്) രേശ്മ ശശിധരൻ ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് കനത്ത പോലീസ് കാവലിൽ പ്രതികളെ കോടതയിൽ ഹാജരാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണു പ്രതികൾ കോടുകുളഞ്ഞി ആഞ്ഞലിമൂട്ടിൽ എ.പി ചെറിയാൻ(കുഞ്ഞുമോൻ-75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ കന്പിപ്പാരയും തൂന്പയും ഉപയോഗിച്ചു തലയ്ക്ക്ടിച്ചു കൊലപ്പെടുത്തിയത്. വീട്ടിൽനിന്നു പണവും സ്വർണവും കവർന്നുകൊണ്ടു പാറചന്തയിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതിനു ശേഷം ചെന്നൈ ട്രെയിനിൽ കയറുകയായിരുന്നു ഇരുവരും. സംഭവം നടന്ന 13 മണിക്കൂറിനുള്ളിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആലപ്പുഴയിലും തുടർന്ന് കോടുകുളഞ്ഞി ആഞ്ഞിലിമൂട്ടിൽവീട്ടിൽ കനത്ത പോലീസ് കാവലിലും ഇവരെ എത്തിച്ചിരുന്നു. തെളുവെടുപ്പിന്റെ ഭാഗമായി പ്രതികളെ ആവശ്യമെങ്കിൽ വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിൽ പോയി തെളുവുകൾ ശേഖരിക്കേണ്ടി വരും. ഇതിനിടെ ആഞ്ഞലിമൂട്ടിൽ നിന്നും കവർച്ച ചെയ്ത സ്വർണാഭരണങ്ങളിൽ ഇനിയും ചിലത് കണ്ടുകിട്ടാനുണ്ടെന്നു മക്കൾക്ക് പരാതിയുണ്ട്. അതും അന്വേഷണത്തിന്റെ പരിധിയിൽ വരും.