സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഉഗ്രൻ വിഷപ്പാന്പുകളും..!
കഴിഞ്ഞ ദിവസം പാന്പുകടിയേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ അച്ഛനാണ് ആശുപത്രി കോന്പൗണ്ടിൽ നിന്നും പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം: ഭക്ഷ്യവിഷബാധയേറ്റ മകനു കൂട്ടിരിക്കാനെത്തിയ പുതുരുത്തി തറയിൽ ആച്ചാട്ട്പടി കോളനിയിൽ മണികണ്ഠൻ(47) ആണ് പാന്പുകടിയേറ്റ് ചികിത്സയിലുള്ളത്.
മണികണ്ഠന്റെ 22 വയസുള്ള മകൻ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മകനെ ഡിസ്ചാർജ് ചെയ്തിരുന്നു.
ഡിസ്ചാർജ് ഷീറ്റ് കിട്ടാൻ കാത്തിരിക്കുന്നതിനിടെ മകനു ചായ വാങ്ങിച്ചുകൊണ്ടുവരാനായി ആശുപത്രിയുടെ പിന്നിലുള്ള കടയിൽ പോയി വരുന്പോഴാണ് മണികണ്ഠനെ പാന്പു കടിച്ചത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
അണലിയാണു കടിച്ചതെന്ന് സംശയിക്കുന്നു.ആശുപത്രി വാർഡിൽ നിന്നും ചേരയെ കഴിഞ്ഞ ദിവസം ജീവനക്കാർ പിടികൂടിയിരുന്നു. മഴക്കാലം തുടങ്ങിയതോടെ ആശുപത്രി പരിസരം കൂടുതൽ കാടും പടലവും നിറഞ്ഞിരിക്കുകയാണ്.
ഇഴജന്തുക്കൾ ആശുപത്രി വാർഡുകൾക്കുള്ളിലും ആശുപത്രി കോന്പൗണ്ടിലും സ്വൈരവിഹാരം നടത്തുന്ന അവസ്ഥയിൽ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. രാത്രിയിൽ കോന്പൗണ്ടിൽ ആവശ്യത്തിനുള്ള തെരുവു വിളക്കുകൾ ഇല്ലാത്തതും പ്രശ്നമാണ്.