വടകര: തൃശൂർ പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദാരുണ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെയും മാനേജ്മെന്റ് പ്രതിനിധികളെയും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്ന് കൂടുതൽ വ്യക്തമാക്കുന്നതാണ് ജിഷ്ണുവിന്റെ അമ്മ മാധ്യമങ്ങൾക്ക് നൽകിയ കത്തെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു.
പരീക്ഷ വൈകിയതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ചതിൽ മാനേജ്മെന്റിനുണ്ടായ വൈരാഗ്യമാണ് കോപ്പിയടിച്ചെന്ന കള്ളക്കഥയുണ്ടാക്കി പീഡിപ്പിച്ച് ജിഷ്ണു ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് കുടുംബം വ്യക്തമാക്കിയിട്ടും മരണത്തിന് ഉത്തരവാദികളായവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായാകാത്തത് വേദനാ ജനകമാണ്.
പാർട്ടി പ്രവർത്തകനും മുഖ്യമന്ത്രിയുടെ ആരാധകനുമായ ജിഷ്ണുവിന്റെ മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കോഴിക്കോടും കണ്ണൂരും വിവിധ പരിപാടികളിൽ എത്തിയ മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദർശിക്കാനോ കുടുംബത്തെ ആശ്വസിപ്പിക്കാനോ തയ്യാറാവത്തത് തികഞ്ഞ അപരാധമാണ്.സാന്പത്തികമായും രാഷ്ട്രീയമായും വലിയ സ്വാധീനമുള്ള നെഹ്റു കോളജ് ഉടമകൾ നടത്തിയ നിഷ്ഠൂരതയുടെ തെളിവുകൾ നശിപ്പിക്കുന്ന ദാസ്യവേലയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
ജിഷ്ണുവിന്റെ ശരീരത്തിൽ മർദനമേറ്റ് രക്തം കല്ലിച്ചതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന അഭിപ്രായത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ഉന്നത സ്വാധീനത്താൽ വിദഗ്ധ അഭിപ്രായം അട്ടിമറിച്ച് പി.ജി. വിദ്യാർഥിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കുറ്റക്കാരെന്ന് കോളജ് മാനേജ്മെന്റ് കണ്ടെത്തി സസ്പെന്റ് ചെയ്ത പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൾ ശക്തിവേലു, അധ്യാപകൻ പി.പി.പ്രവീണ് എന്നിവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രാഥമിക അന്വേഷണ തെളിവ് അട്ടിമറിച്ച് സ്വാശ്രയ മുതലാളിമാരോടുള്ള വിധേയത്വം പിണറായി സർക്കാർ തെളിയിച്ചതായും എൻ.വേണു പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നീതി ലഭിക്കാനും ഇനിയൊരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവമില്ലാതിരിക്കാനും കേരളീയ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നു വേണു ആവശ്യപ്പെട്ടു.