വടകര : ഒഞ്ചിയം, ഓർക്കാട്ടേരി മേഖലകളിൽ ആർഎംപിഐ പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തീവെക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആർഎംപിഐ. ഇനിയും നടപടിയെടുത്തില്ലെങ്കിൽ റൂറൽ എസ്പി ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹമുൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒ.കെ.ചന്ദ്രൻ, സിബി, കുളങ്ങര ചന്ദ്രൻ, ഹരിദാസൻ, പ്രമോദ്, പ്രകാശൻ എന്നിവരുടെ വീടുകൾ തീവെക്കുകയും തകർക്കുകയും ചെയ്തു. ഓർക്കാട്ടേരി ടൗണിലെ രാധാകൃഷ്ണന്റെ കട തീവെക്കുകയും കൊള്ളയടിക്കുകയുമുണ്ടായി. കെ.കെ.ജയൻ, എ.കെ.ഗോപാലൻ, ഒ.കെ.ചന്ദ്രൻ, വിപിൻലാൽ, കുഞ്ഞേരി അശോകൻ, ഗോപാലൻ തുടങ്ങിയ ആർഎംപിഐക്കാരെ അക്രമിച്ച് പരിക്കേൽപിച്ചു. നിരവധി പാർട്ടി ഓഫീസുകൾക്കു നേരെ അക്രമമുണ്ടായി.
ഈ കേസുകളിലാകെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഡിജിപി ഉൾപെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല.എന്നാൽ ആർഎംപിഐ പ്രവർത്തകരും അവരുടെ സ്വത്തുവഹകളും മാരകമായി അക്രമിക്കപ്പെട്ടിട്ടും പാർട്ടിയുടെ 26 പ്രവർത്തകരെ കള്ളക്കേസെടുത്ത് ജയിലിലടക്കുകയാണ് പോലീസ് ചെയ്തത്.
അക്രമങ്ങൾ നടക്കുന്പോൾ കാഴ്ചക്കാരായി നിന്ന പോലീസ് ഇപ്പോൾ പ്രതികളെ സംരക്ഷിക്കാൻ സിപിഎം നിർദേശത്തിന് അനുകൂലമായി നീങ്ങുകയാണ്. ആർഎംപിഐ പ്രവർത്തകൻ ചോറോട് ബാങ്കിലെ ജീവനക്കാരൻ കെ.കെ.സദാശിവനെ കേസിൽ കുടുക്കുകയും ജയിലിലടക്കും ചെയ്തു.
സിപിഎമ്മുകാർ നൽകിയ പരാതിയിൽ പോലീസ് ചോദ്യം ചെയ്ത് സദാശിവനെ വിട്ടയച്ചതായിരുന്നു. എന്നാൽ സിപിഎമ്മുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് ഇയാളെ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പോലീസ് നടപടിയെ തുടർന്ന് ബാങ്കിൽ നിന്ന് സദാശിവനെ സസ്പെന്റ് ചെയ്യുകയും ചെയ്തു.
സിപിഎം പാർട്ടി സെല്ലിലുള്ള പോലീസുകാരാണ് പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നതെന്ന് വേണു ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ആർഎംപിഐ സംസ്ഥാന കമ്മറ്റി അംഗം കുളങ്ങര ചന്ദ്രൻ, വടകര ഏരിയാ സെക്രട്ടറി അബ്ദുൾ ലിനീഷ് എന്നിവർ പങ്കെടുത്തു.