വടക്കഞ്ചേരി: പച്ചക്കറി ചന്ത എന്ന് കേൾക്കുന്പോൾ നമ്മൾ കരുതുക നിരവധി കച്ചവടക്കാർ നിറയെ സാധനങ്ങളുമായി വില്പന നടത്തുന്ന സ്ഥലം എന്നൊക്കെയാകും. എന്നാൽ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂരിനടുത്ത് പന്ത പറന്പിൽ പാതയോരത്ത് ഏറെ വ്യത്യസ്തമായ ഒരു ചന്ത നടക്കുന്നുണ്ട്. ആഴ്ചകളിൽ വ്യാഴാഴ്ച മാത്രമെ ഈ ചന്തയുടെ പ്രവർത്തനമുള്ളു.
വില്പനക്കാരനായി ഒരാൾ മാത്രം. പച്ചക്കറി വാങ്ങാൻ പക്ഷെ എത്തുന്നത് ഒരു വലിയ ചന്തയിൽ എത്തുന്നത്ര ആളുകളും. വാങ്ങാൻ എത്തുന്നവരെ നിയന്ത്രിക്കാൻ കച്ചവടക്കാരൻ പാടുപെടുന്ന സ്ഥിതി. പത്ത് രൂപക്ക് മുതൽ ഒരു കവർ നിറയെ പച്ചക്കറി കിട്ടും. ത്രാസോ മറ്റു അളവുതൂക്ക ഉപകരണങ്ങളോ ഇവിടെയില്ല.
കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറിയിൽ നിന്നും വാരി കൊടുക്കുകയാണ്. വ്യാഴാഴ്ച ദിവസം അതിരാവിലെ ചന്ത തുടങ്ങും. പ്രദ്ദേശത്തെ ആളുകളെല്ലാം പച്ചക്കറി വാങ്ങാൻ പിന്നെ പ്രവാഹമാണ്. കച്ചവടക്കാരന് ചുറ്റും ആളുകൾ നിറയും. നീണ്ട നാലഞ്ച് മണിക്കൂർ കച്ചവടക്കാരന് വിശ്രമമില്ല. ഭൂരിഭാഗവും വീട്ടമ്മമാർ. ഉച്ചയോടെ കൊണ്ടുവന്ന സാധനങ്ങളെല്ലാം കഴിഞ്ഞ്ചന്ത അവസാനിക്കും.
തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളാണ് ഇയാൾ വില്പനക്ക് കൊണ്ടുവരുന്നത്. വഴിയോര ചന്തയിൽ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് കണ്ട് മറ്റു പലരും ഇവിടെ തന്നെ ഇത്തരം കച്ചവടം തുടങ്ങിയെങ്കിലും ഒന്നും വിജയിച്ചില്ല.
ഏതാനും വർഷങ്ങളായി വേണു എന്ന ആളാണ് ഇവിടെ കച്ചവടം നടത്തികൊണ്ടിരിക്കുന്നത്. വഴി വാണിഭ ചന്ത പൊടിപൊടിക്കുന്പോൾ സമീപത്തെ സ്ഥിര കച്ചവടക്കാരാണ് വെട്ടിലാകുന്നത്. ഒരു വിശ്വാസം അതല്ലേ എല്ലാം എന്ന മട്ടിലാണ് ഈ ഏകാംഗ ചന്തയിൽ വില്പന തകൃതിയായി നടക്കുന്നത്.