വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. അത് ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ ഭാര്യാ സഹോദരന് രാമചന്ദ്രന് പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്.
രാമചന്ദ്രന് വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്ക്കുമ്പോള് പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി.
ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേര്‍ന്ന് പാടറിയേന്‍ പടിപ്പറിയേന്‍…
എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന് പ്രതികരിച്ചു. ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചു വന്നു. ചിത്രയുടെ നല്ല മനസ് വിവരിക്കാന്‍ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി.
പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്.