ന്യൂഡൽഹി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ ബ്രസീലിലെ എണ്ണപ്പാടങ്ങൾ വിൽക്കുമെന്ന് വീഡിയോകോണ്‍ ഇൻഡസ്ട്രീസ് മേധാവി വേണുഗോപാൽ ധൂത്. വിവിധ ബാങ്കുകളിൽ നിന്നായി 25,000 കോടി രൂപായുടെ വായ്പ വീഡിയോകോൺ എടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കനാണ് വിൽപ്പന. എണ്ണപ്പാടം വിൽക്കുന്നതോടെ 30,000 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്.
വിജയ് മല്യ, നീരവ് മോഡി, മെഹുൽ ചോക്സി തുടങ്ങിയവരുടെ വഴിയേ ധൂതും രാജ്യം വിട്ടെന്ന് വാട്ട്സ് ആപ്പിലൂടെകഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.എന്നാൽ താൻ മൂന്നു വർഷമായി വിദേശത്തു പോയിട്ടില്ലെന്നും എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തോട് ധൂത് വ്യക്തമാക്കുകയും ചെയ്തു.
ഭീമമായ വായ്പ കുടിശികയാക്കിയ കന്പനികളെപ്പറ്റി റിസർവ് ബാങ്ക് തയാറാക്കിയ പട്ടികയിൽ വീഡിയോകോണുമുണ്ട്. ഉടമ രാജ്യം വിട്ടെന്ന പ്രചാരണമുണ്ടായതോടെ ഇന്റലിജൻസ് ഏജൻസികളടക്കം ഉണർന്നുപ്രവർത്തിച്ചാണ് ധൂത് ഇവിടെത്തന്നെയുണ്ടെന്നു സ്ഥിരീകരിച്ചത്.