ആലുവ: കോട്ടയം മീനച്ചൽ കിടങ്ങൂർ ക്ഷേത്രത്തിനു സമീപം തെക്കേമഠത്തിൽ വീട്ടിൽ വേണുഗോപാലിന് കളവ് കലയാണ്.
കേരളത്തിലങ്ങോളമിങ്ങോളം മുപ്പത്തിയെട്ടിലേറെ കളവു കേസുകളിൽ പ്രതിയാണ് ഈ അന്പതുകാരൻ.
ഒടുവിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത് മൂന്നു ദിവസം മുമ്പ്. പക്ഷേ,ആലുവയിൽ വേണുവിന്റെ കളി കാര്യമായി. പോലീസ് പിടിച്ച് വീണ്ടും അകത്താക്കി.
ഇന്നലെ ഒരെറ്റ ദിവസം കൊണ്ട് മൂന്ന് മോഷണം നടത്തിയ പ്രതി പോലീസിനെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾക്കുള്ളിൽ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തോടെ ആലുവ ബാങ്ക് ജംഗ്ഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാൾ എടത്തലയിൽ യാത്രക്കാരന്റെ പക്കൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചെടുത്തു.
പോലീസ് പിന്തുടർന്നെത്തിയപ്പോൾ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് എടത്തലയിൽ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് വൈകീട്ടോടെ പോലീസ് പിടികൂടി. മൂന്നു മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടികൂടി.
എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആലുവ ഡിവൈഎസ്പി ശിവൻകുട്ടി, ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്ഐ ആർ. വിനോദ് സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ്, കെ.ബി. സജീവ് എന്നിവരാണ് ഈ പഠിച്ച കള്ളനെ പൂട്ടാനുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.