തൃശൂർ: ആ വേണുഗാനം പെയ്തിറങ്ങിയത് ഗിന്നസിന്റെ താളുകളിലേക്കാണ്. ചരിത്രമാണ് ആ വേണുഗാനം കേട്ട് വഴിമാറിയത്. 108 മണിക്കൂർ തുടർച്ചയായ പുല്ലാങ്കുഴൽ വാദനത്തിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് തൃശൂർ തളിക്കുളം സ്വദേശി മുരളി നാരായണന്റെ സംഗീതമഹായാനം ഇന്നു രാവിലെ ഏഴരയ്ക്ക് പൂർണമായി.
തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിച്ച പുല്ലാങ്കുഴൽ വായന ഇന്നു രാവിലെ 7.30ന് 108 മണിക്കൂർ പൂർത്തിയാക്കുന്പോൾ ആയിരത്തിലധികം ഗാനങ്ങൾ വിവിധ വിഭാഗങ്ങളിലായി മുരളിയുടെ വൈവിധ്യമാർന്ന പുല്ലാങ്കുഴലുകളിൽ നിന്ന് പെയ്തിറങ്ങി.
പക്കമേളങ്ങളുടെ അകന്പടിയോടെ നടത്തിയ പുല്ലാങ്കുഴൽ വാദനത്തിന്റെ കൂട്ടപ്പൊരിച്ചിൽ കേൾക്കാനും പുതിയ ഗിന്നസ് റെക്കോർഡ് പിറക്കുന്നതിന് സാക്ഷ്യം വഹിക്കാനും തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിലെ വേദിയിൽ വൻതിരക്കാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്.
മന്ത്രി സി.രവീന്ദ്രനാഥ് അടക്കമുള്ളവർ മുരളിയുടെ ഗിന്നസ് പ്രകടനം കാണാൻ രാവിലെ എത്തിയിരുന്നു. വേദിയിൽ മന്ത്രിയേയും അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളേയും സാക്ഷിനിർത്തി മുരളിനാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം പൂർത്തിയാക്കുന്പോൾ കരഘോഷം നിറഞ്ഞു.
ഗിന്നസ് റെക്കോർഡ് അധികൃതർക്ക് പരിപാടിയുടെ എഡിറ്റു ചെയ്യാത്ത മുഴുവൻ വീഡിയോ ദൃശ്യങ്ങളും അയച്ചു കൊടുക്കും.മുരളി നേരത്തെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളതിനാൽ ഇത്തവണ മുരളിയുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ ഗിന്നസ് അധികൃതർ വരേണ്ട ആവശ്യമില്ലായിരുന്നു.
ഇന്നുരാവിലെ വടക്കുന്നാഥ ക്ഷേത്ര ദർശനത്തിനെത്തിയവരും രാവിലെ തേക്കിൻകാട്ടിൽ മോണിംഗ് വാക്കിനെത്തിയവരും സംഗീതാസ്വദകരും മുരളിയുടെ സുഹൃത്തുക്കളുമെല്ലാമടങ്ങുന്ന വൻ ജനക്കൂട്ടം തന്നെ മുരളിയുടെ ക്ലൈമാക്സ് പ്രകടനത്തെ ആവോളം പ്രോത്സാഹിപ്പിക്കാനെത്തിയപ്പോൾ സംഘാടകർ പോലും തിരക്ക് കണ്ട് അന്പരന്നു.
27 മണിക്കൂർ 32 മിനുറ്റ് നേരം തുടർച്ചയായി പുല്ലാങ്കുഴൽ വാദനം നടത്തിയ യുകെ സ്വദേശിനി കാതറിൻ ബ്രൂക്കിന്റെ റെക്കോർഡ് മുരളി ബുധനാഴ്ച തന്നെ ഭേദിച്ച് പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു. മാനവസൗഹാർദ്ദത്തിനും ലോകസമാധാനത്തിനും വേണ്ടി എന്ന ഓർമപ്പെടുത്തലോടെയാണ് മുരളീനാരായണൻ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം നടത്തിയത്.
ഒരു മണിക്കൂറിൽ പന്ത്രണ്ടോളം ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിച്ചത്. ഇതിൽ സിനിമാഗാനങ്ങളും കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യസംഗീതവും നാടോടി ഗാനവുമെല്ലാം ഉണ്ടായിരുന്നു. ഓരോ ഗണത്തിൽ പെട്ട പാട്ടുകളും വായിക്കുന്നത് വ്യത്യസ്തങ്ങളായ പുല്ലാങ്കുഴലുകൾ ഉപയോഗിച്ചായിരുന്നു.
ഒരു മണിക്കൂർ പിന്നിടുന്പോൾ അഞ്ചു മിനുറ്റ് ഇടവേളയെടുക്കാമെന്നതാണ് ഗിന്നസ് ചട്ടം. മൂന്നുമണിക്കൂറും രണ്ടു മണിക്കൂറും തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഒരുമിച്ച് പത്തും പതിനഞ്ചും മിനുറ്റ് ഇടവേളയെടുത്താണ് മുരളിനാരായണൻ ഗിന്നസ് റെക്കോർഡിലേക്ക് നീങ്ങിയത്. അവസാന ദിവസങ്ങളിൽ ഒരു മണിക്കൂർ വാദനവും അഞ്ചു മിനുറ്റ് ഇടവേളയുമായി സമയം ക്രമീകരിച്ചു.
കഞ്ഞി മാത്രമാണ് മുരളിനാരായണൻ ഇടവേളകളിൽ പ്രധാനമായും കഴിച്ചത്. നേരിയ ക്ഷീണം തോന്നിയപ്പോൾ ഒ.ആർ.എസ് ലായനിയും നൽകി. ആരോഗ്യനില പരിശോധിക്കുന്നതിന് ഡോക്ടർമാരും തെക്കേഗോപുരനടയിലെ വേദിക്കരികിൽ മുഴുവൻ സമയവും ക്യാന്പു ചെയ്തിരുന്നു. ക്ഷീണം തോന്നാതിരിക്കാൻ കരിക്കിൻവെള്ളവും തേൻവെള്ളവും ഇടയ്ക്ക് നൽകി. ഒൗഷധിയിൽ നിന്നുള്ള ആയുർവേദ ഡോക്ടർമാരാണ് മുരളിയുടെ ആരോഗ്യനില പരിശോധിക്കാനുണ്ടായിരുന്നത്.