ഏഥൻസ്: അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ആരംഭിച്ച ശില്പ പ്രദര്‍ശനത്തിൽ “സ്വര്‍ണ ബിക്കിനി ധരിച്ച വീനസ് ദേവത’ യിലാണു കാഴ്ചക്കാരുടെ കണ്ണ്.
നേപ്പിൾസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്നു കൊണ്ടുവന്ന ഈ ശിൽപം എഡി 79 ലാണ് നിര്‍മിച്ചതെന്നു കരുതുന്നു. ഈ മാസം 28 വരെ ഇവിടെ ശിൽപം പ്രദർശനത്തിനുണ്ടായിരിക്കും.
1954ൽ പോംപൈയിലെ “ബിക്കിനി അണിഞ്ഞ വീനസിന്റെ വീട്’ എന്ന് വിളിക്കപ്പെടുന്ന മറ്റ് പുരാതന കലാസൃഷ്ടികൾക്കൊപ്പമാണ് ഈ പ്രതിമയും കണ്ടെത്തിയത്.
സ്വര്‍ണ ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ദേവത തന്റെ ചെരിപ്പിന്റെ കെട്ടഴിക്കുന്നതായാണ് ശില്പത്തിന്റെ നിര്‍മാണം.
വെണ്ണക്കല്ലില്‍ കൊത്തിയ ദേവതയ്ക്ക് സ്വര്‍ണത്തിന്റെ ബിക്കിനിയും മറ്റ് ആഭരണങ്ങളും വരച്ച് ചേര്‍ത്തതാണ്.
ശില്പത്തിന്റെ അലങ്കാലപ്പണികളും ശക്തമായ ലൈംഗിക പ്രഭാവലയവുമാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. പൗരാണിക കാലത്തെ മികച്ച കലാസൃഷ്ടികളിലൊന്നായി ഈ ശില്പം കരുതപ്പെടുന്നു.