സ്വന്തം ലേഖകൻ
തൃശൂർ: കോണ്‍ഗ്രസിനെതിരേ ചരിത്രം ചൂണ്ടിക്കാട്ടി വിമർശനവുമായി ജനതാദൾ യു. ജനതാദൾ യു മുഖപത്രമായ ഇന്ത്യൻ സോഷ്യലിസ്റ്റ് മാസികയിലാണ് കോണ്‍ഗ്രസ് നേതാക്കളോടു രാഷ്ട്രീയം പഠിക്കണമെന്ന ഉപദേശവുമായി ലേഖനം പ്രസീദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോണ്‍ഗ്രസിന് 1967 ലെ തെരഞ്ഞെടുപ്പിൽ മണലൂർ മുതൽ മഞ്ചേശ്വരം വരെ ഒരാളെപോലും നിയമസഭയിലേക്കു ജയിപ്പിക്കാൻ ശേഷിയില്ലായിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ആറു ജില്ലകളിൽ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരുന്നു. ഒടുവിൽ ജയിച്ചുകയറാൻ കോണ്‍ഗ്രസ് സിപിഐയെ പരസ്യമായി കൂട്ടുപിടിച്ചു. അങ്ങനെയാണ് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കെ. കരുണാകരൻ അടക്കമുള്ളവർ ഭരണം പങ്കിട്ടത്.
കോണ്‍ഗ്രസ് സിപിഎമ്മുമായും കൂട്ടുകൂടിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 മാർച്ച മുതൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യമുണ്ടാക്കി. 1969 ൽ 104 എംപിമാർ സംഘടനാ കോണ്‍ഗ്രസിലേക്കു മാറിയപ്പോൾ ഇന്ദിരാഗാന്ധിക്കു പാർലമെന്റിൽ വിശ്വാസ വോട്ടിനുവേണ്ടി സിപിഎമ്മിന്േറയും സിപിഐയുടേയും വീട്ടുപടിക്കൽ കോണ്‍ഗ്രസ് നേതാക്കൾ കാത്തുകിടന്നതു മറക്കരുതെന്നും ലേഖനത്തിലുണ്ട്.
യുഡിഎഫ് വിട്ട ജനതാദളിനെ ചില കോണ്‍ഗ്രസ് നേതാക്കൾ നിശിതമായി വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൾ ലേഖനത്തിലൂടെ തിരിച്ചടിക്കുന്നത്. ജെഡിയു തൃശൂർ ജില്ലാ സെക്രട്ടറിയും സീനിയർ നേതാവുമായ വിൻസെന്റ് പുത്തൂരാണ് ചരിത്രം വിശദീകരിച്ചുകോണ്ട് ’കോണ്‍ഗ്രസ് ചരിത്രം പഠിക്കട്ടെ’ എന്ന തലക്കെട്ടുള്ള ലേഖനം എഴുതിയിരിക്കുന്നത്.
ജനതാ, സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾ നിർണായക നേതൃത്വം വഹിച്ച ചരിത്രവും മറക്കരുതെന്നു ലേഖനത്തിൽ പറയുന്നു. കേരളത്തിൽ 1960 കളിൽ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പ്രജാ സോഷ്യലിസ്റ്റു പാർട്ടി നേതാവായിരുന്നു. ഇന്ത്യക്ക് ആറു പ്രധാനമന്ത്രിമാരെ സമ്മാനിച്ചത് ജനതാ പ്രസ്ഥാനമാണ്. മൊറാർജി ദേശായി, ചരണ്‍ സിംഗ്, വി.പി. സിംഗ്, എസ്.ചന്ദ്രശേഖർ, ദേവഗൗഡ, ഐ.കെ. ഗുജറാൾ എന്നിവർ.
കേരളത്തിൽ ഇടതുമുന്നണി രൂപീകരിക്കാൻ മുൻനിരയിലുണ്ടായിരുന്നതുകൊണ്ടാണ് ആദ്യത്തെ കണ്‍വീനറായി പി. വിശ്വംഭരനെ തെരഞ്ഞെടുത്തത്. ഇടതു മുന്നണിയിലേക്കു തിരിച്ചുപോകുന്നത് തറവാട്ടിലേക്കു പോകുന്നതിനു സമമാണെന്നും ലേഖനത്തിൽ പറയുന്നു. ജനതാദൾ തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലിയാണു മാസികയുടെ പ്രിന്ററും പബ്ലീഷറും.