കൊച്ചി: ശാന്തിഭവനിലെ കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗണും കുടുംബവും എത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കൾച്ചറൽ അക്കാഡമി ഫോർ പീസിന്റെ ആഭിമുഖ്യത്തിൽ സേവ് അവർ ഗേൾ ചൈൽഡ് എന്ന കാന്പയിനിന്റെ ഭാഗമായാണ് വെസ് ബ്രൗണ്‍, ഭാര്യ ലിയാന, മക്കളായ ലോല, ലിലിയ, ഹാലി എന്നിവർ എറണാകുളം കമ്മട്ടിപ്പാടത്തുള്ള ശാന്തിഭവനിലെത്തിയത്.
ജീവിതത്തിൽ നിരവധി ചൂഷണങ്ങളും പ്രതിസന്ധികളും നേരിട്ട അനുഭവങ്ങൾ ശാന്തിഭവനിലെ അന്തേവാസികൾ അതിഥികളുമായി പങ്കുവച്ചു. കൾച്ചറൽ അക്കാഡമി ഫോർ പീസിന്റെ ഡയറക്ടർ ബീന സെബാസ്റ്റ്യന്റെ യുകെയിലുള്ള സുഹൃത്തിലൂടെ ശാന്തിഭവനെക്കുറിച്ചറിഞ്ഞ ലിയാന സന്ദർശനത്തിനു താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെത്തിയ ലിയാന ക്രിസ്മസ് ദിനത്തിൽ ശാന്തിഭവനിലെത്തിയിരുന്നു.
ഇന്നലെ ഭർത്താവിനെയും മക്കളെയും കൂട്ടി വീണ്ടുമെത്തി. യുകെയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് ലിയാന. കളിക്കൂട്ടുകാരനിൽനിന്നു പീഡനമേറ്റു വാങ്ങി മാനസികമായി തകർന്ന അവസ്ഥയിൽ ശാന്തിഭവനിലെത്തി കൗണ്‍സിലിംഗിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഇപ്പോൾ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന പെണ്‍കുട്ടി, താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അതിഥികൾക്കു മുന്നിൽ അവതരിപ്പിച്ചു. ഒടുവിൽ കുട്ടികൾ അവതരിപ്പിച്ച ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം ലിയാനയും ഹാലിയും നൃത്തച്ചുവടുകൾ വച്ചു.