പള്ളുരുത്തി: പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന വീട്ടമ്മ എപിഎൽ കാർഡ് ബിപിഎൽ ആക്കാൻ അപേക്ഷ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇന്നലെ ഉച്ചയ്ക്കു 12 ഓടെ തോപ്പുംപടി ചുള്ളിക്കലുള്ള സപ്ലൈ ഓഫീസിനു മുന്നിലായിരുന്നു സംഭവം.
ഭർത്താവ് നേരത്തെ മരിച്ചുപോയ വീട്ടമ്മ മകളുമൊത്താണു താമസം. വീട്ടുജോലിയെടുത്താണ് കുടുംബം പുലർത്തുന്നത്.
ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ കഴിഞ്ഞ ജൂലൈയിൽ കാർഡ് മാറ്റം ചെയ്യുന്നതിന് സപ്ലൈ ഓഫീസിൽ അപേക്ഷ നൽകി.
പിന്നീടു പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ ഇവർ സപ്ലൈ ഓഫീസിലെത്തി വേറൊരു മാർഗവുമില്ലെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇവരോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നത്രെ.
തുടർന്നാണു വീട്ടിൽ പോയി മണ്ണെണ്ണ എടുത്ത് ഓഫീസിന് മുന്നിലെത്തി തലയിൽ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. സംഭവം കണ്ടുനിന്ന നാട്ടുകാർ ഇവരെ ഉടൻതന്നെ പിടിച്ചുമാറ്റി.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരിപ് സമരം നടത്തി.
വീട്ടമ്മയ്ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും പ്രവർത്തകർ എത്തിച്ചുനൽകി. ഷമീർ വളവത്ത്, ആർ. ബഷീർ, അഫ്സൽ അലി തുടങ്ങിയവർ നേതൃത്വം നൽകി.