കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപെടുത്തി.
തോട്ടയ്ക്കാട് ആലപ്പള്ളികുന്നേൽ രാജമ്മ (82)യാണു മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
കുത്തൊഴുക്കുള്ള മീനച്ചിലാറ്റിൽ രണ്ടര കീലോമീറ്ററോളം ദൂരം ഒഴുകിനീങ്ങിയ യെത്തിയ രാജമ്മയെ കോട്ടയം ചുങ്കം പാലത്തിനുസമീപം താമസിക്കുന്ന മിമിക്രി കലാകാരൻ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയവും അമ്മ ലാലി ഷാജിയും ഉൾപ്പെടെയുള്ളവരാണ് രക്ഷപെടുത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന രാജമ്മ ആശുപത്രിയിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയ യാത്രക്കിടെ നാഗന്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർഥനയ്ക്കായി കയറി.
തുടർന്നു മുഖം കഴുകുന്നതിനായി ആറ്റിൽ എത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയും തുടർന്നു ഒഴുകി പോകുകയുമായിരുന്നു.
വീട്ടമ്മ വെള്ളത്തിലുടെ ഒഴുകുന്നതു കണ്ട ഷാൽ കോട്ടയവും ആറ്റിലേക്കു ചാടി വീട്ടമ്മയുടെ അടുത്തെത്തി തൊട്ടു പിന്നാലെ ഷാലിന്റെ അമ്മ ലാലിയും ആറ്റിലേക്കു ചാടി ഇരുവരും ചേർന്നു വീട്ടമ്മയെ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സമീപവാസികളായ മാലിക്കാട്ടുമാലി മനോഹരൻ, മാങ്ങാപ്പള്ളിമാലിയിൽ ബിബിൻ, എം.ആർ. ധനേഷ് എന്നിവരും ഒപ്പംചേർന്നു.
തുടർന്ന് ഇവരെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കരക്കെത്തിച്ചശേഷം വീട്ടമ്മയിൽനിന്നും വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലൂടെ കിലോമീറ്ററുകൾ ഒഴുകിയെത്തിയതിനാലും തണുത്ത് വിറച്ചിരുന്നതിനാലും കൃത്യമായി സംസാരിക്കാൻ സാധിക്കുമായിരുന്നില്ല.
ഇതോടെ വീട്ടമ്മയുടെ ചിത്രമെടുത്ത് രക്ഷാപ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ വീട്ടമ്മ കറുകച്ചാൽ സ്വദേശിയാണെന്നു കണ്ടെത്താൻ കഴിഞ്ഞു. രക്ഷപ്പെട്ട വീട്ടമ്മ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.