മദ്യപാനിയായ ഭർത്താവുമായി പിണങ്ങി മകളുമായി ആത്മഹത്യചെയ്യാൻ വാഗമണ്ണിന് ഓട്ടോറിക്ഷയുമായി പോയ വീട്ടമ്മയെ പോലീസ് തിരിച്ചെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പിറവത്ത് ഓട്ടോറിക്ഷയോടിക്കുന്ന വീട്ടമ്മ 13 വയസുള്ള മകളുമായി ആത്മഹത്യ ചെയ്യാൻ യാത്ര തിരിച്ചത്.
ഭർത്താവുമായി കലഹിച്ച ശേഷം അയൽവാസികളോട് മകളുമായി ആത്മഹത്യ ചെയ്യാൻ പോവുകയാണന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അയൽക്കാർ ഉടനെ ജനമൈത്രി പോലീസിനെ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോൾ ഭർത്താവ് മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു.
തുടർന്ന് വീട്ടമ്മയുടെ ഫോണിലേക്ക് പോലീസ് വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ പോവുകയാണന്നും വിളിക്കേണ്ടെന്നും പറഞ്ഞു. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പോലീസ് പരിശോധിച്ചപ്പോൾ ഈരാറ്റുപേട്ട ഭാഗത്താണന്ന് മനസിലാക്കുകയും ഈരാറ്റുപേട്ട പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി എട്ടരയോടെ വാഗമണിന് ഏഴ് കിലോമീറ്ററിനടുത്ത് ഓട്ടോറിക്ഷ കണ്ടെത്തി. കോടമഞ്ഞിറങ്ങിയതിനാൽ വഴികാണാൻ സാധിക്കാത്തിനാൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിറവത്തുനിന്നും എസ്ഐ കെ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെ എത്തി വീട്ടമ്മയെ അനുനയിപ്പിച്ച് തിരികെ പിറവത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. ഭാര്യയേയും മകളേയും മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരേ കേസെടുത്തിട്ടുണ്ടെന്ന് എസ്ഐ പറഞ്ഞു.